Thursday, July 8, 2010

തദ്ദേശ ഭരണ തെരഞ്ഞെടുപ്പ്‌: സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ്‌ 26 ന്‌

തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ്‌ 26 ന്‌ നടക്കുമെന്ന്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷണര്‍ പി.കെ. കമാല്‍കുട്ടി അറിയിച്ചു. വാര്‍ഡ്‌ പുനര്‍വിഭജന നടപടികള്‍ പൂര്‍ത്തിയായ 970ഗ്രാമപഞ്ചായത്തുകളിലെയും 47നഗരസഭകളിലെയും മൂന്ന്‌ കോര്‍പറേഷനുകളിലെയും സംവരണ വാര്‍ഡുകളാണ്‌ നറുക്കിട്ടെടുക്കുക. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിലെ സംവരണ വാര്‍ഡുകള്‍ ഒഴിവാക്കിയാണ്‌ നറുക്കെടുക്കുക. വാര്‍ഡ്‌ പുനര്‍വിഭജനം നടന്ന പശ്ചാത്തലത്തില്‍ വിഭജനത്തിനു മുമ്പുള്ള സംവരണ മണ്ഡലത്തിലെ തിട്ടപ്പെടുത്തിയ ജനസംഖ്യയുടെ അമ്പത്‌ ശതമാനത്തിലധികം ജനസംഖ്യ ഉള്‍പ്പെടുന്ന പുതിയ വാര്‍ഡിനെ, നിലവിലെ സംവരണ വാര്‍ഡ്‌ ആയി കണക്കാക്കി നറുക്കെടുപ്പില്‍ നിന്ന്‌ ഒഴിവാക്കും. ഒരു തദ്ദേശസ്ഥാപനത്തിലെ പകുതിയിലേറെ വാര്‍ഡുകള്‍ വിവിധ വിഭാഗത്തിലുള്ള സംവരണ മണ്ഡലങ്ങളായി വരുമ്പോള്‍, നിലവിലുള്ള മുഴുവന്‍ സംവരണ വാര്‍ഡുകളെയും നറുക്കെടുപ്പില്‍ നിന്ന്‌ ഒഴിവാക്കാനാകില്ല. ഇത്തരം സാഹചര്യത്തില്‍ സംവരണ മണ്ഡലങ്ങളുടെ എണ്ണം തികയാന്‍ കൂടുതല്‍ ആവശ്യമായി വരുന്ന വാര്‍ഡുകളെ ഒഴിവാക്കിയവയില്‍ നിന്ന്‌ നറുക്കെടുപ്പിലൂടെ തീരുമാനിക്കും. പട്ടികവര്‍ഗ സ്ത്രീ, പട്ടികവര്‍ഗം, പട്ടികജാതി സ്ത്രീ, പട്ടികജാതി, സ്ത്രീ എന്നീ ക്രമത്തിലാണ്‌ നറുക്കെടുക്കുക. ഗ്രാമപഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങള്‍ നിശ്ചയിക്കുന്ന നറുക്കെടുപ്പ്‌ കളക്ടറേറ്റ്‌ കോണ്‍ഫറന്‍സ്‌ ഹാളില്‍ 26 ന്‌ രാവിലെ പത്തുമുതല്‍ അതത്‌ ജില്ലാ കളക്ടര്‍ നിര്‍വഹിക്കും. തെക്കന്‍ മേഖലയിലെ മുനിസിപ്പാലിറ്റികളുടെ നറുക്കെടുപ്പ്‌ കൊല്ലം മുനിസിപ്പല്‍ ടൌണ്‍ ഹാളിലും, മധ്യമേഖലയിലേത്‌ എറണാകുളം ഇഎംഎസ്‌ സ്മാരക ടൌണ്‍ ഹാളിലെ താഴത്തെ നിലയിലും ഉത്തരമേഖലയിലേത്‌ കോഴിക്കോട്‌ ജൂബിലി ടൌണ്‍ ഹാളിലും അതത്‌ മേഖലാ നഗരകാര്യ ജോയിണ്റ്റ്‌ ഡയറക്ടര്‍ നടത്തും. കൊല്ലം, കൊച്ചി, തൃശൂറ്‍ കോര്‍പറേഷനുകളിലെ നറുക്കെടുപ്പ്‌ എറണാകുളം ഇഎംഎസ്‌ സ്മാരക ടൌണ്‍ ഹാളിലെ ഒന്നാം നിലയില്‍ നഗരകാര്യവകുപ്പ്‌ ഡയറക്ടര്‍ നിര്‍വഹിക്കും.