കൈപ്പത്തി വെട്ടിമാറ്റിയതിനെത്തുടര്‍ന്ന് പ്രഫ. ടി. ജെ. ജോസഫിനും കുടുംബത്തിനുമുണ്ടായ വേദനയില്‍ പങ്കുചേര്‍ന്നു തൊടുപുഴ ന്യൂ മാന്‍ കോളജിലെ ആയിരത്തിയറുന്നൂറോളം വിദ്യാര്‍ഥികളും നൂറോളം അധ്യാപകരും അനധ്യാപകരും ഇന്ന് ഉച്ചഭക്ഷണം ഉപേക്ഷിച്ച് ഉപവസിക്കും. തുടര്‍ന്ന് സാമുദായിക മൈത്രിക്കും സുരക്ഷിതത്വബോധത്തിനും നിയമവാഴ്ചയ്ക്കും വേണ്ടി സര്‍വമത പ്രാര്‍ഥന നടത്തും.അധ്യാപകണ്റ്റെ കൈവെട്ടിമാറ്റിയ കൊടും ക്രൂരതയ്ക്കെതിരേ മനുഷ്യമനഃസാക്ഷി തട്ടിയുണര്‍ത്തുന്നതിനാണു ഗാന്ധിയന്‍ ശൈലിയിലുള്ള സമരമാര്‍ഗം സ്വീകരിക്കുന്നതെന്നു പ്രിന്‍സിപ്പല്‍ പ്രഫ. ടി. എം. ജോസഫ് പറഞ്ഞു. ഇത്തരം സന്ദര്‍ഭങ്ങളില്‍ വൈകാരികമായ ക്ഷോഭപ്രകടനങ്ങളെക്കാളുപരി ഒത്തൊരുമയും മനസുറപ്പുമാണ് ആവശ്യം. വിവിധ മതങ്ങള്‍ സാഹോദര്യത്തിലും സഹവര്‍ത്തിത്വത്തിലും കഴിയുന്ന അവസ്ഥയ്ക്കു ഭംഗം വരുത്തുന്ന നടപടികള്‍ ഒരു ഭാഗത്തുനിന്നുമുണ്ടാകരുതെന്നാണ് അധ്യാപകരും വിദ്യാര്‍ഥികളും ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബികോം ഇണ്റ്റേണല്‍ പരീക്ഷയ്ക്കായി തയാറാക്കിയ ചോദ്യപേപ്പറിലാണു വിവാദ പരാമര്‍ശമുണ്ടായത്. ഇതേത്തുടര്‍ന്ന് കോളജ് അധികൃതര്‍ പരസ്യമായി ക്ഷമാപണം നടത്തുകയും അധ്യാപകനെ സര്‍വീസില്‍നിന്നു സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു. ഇദ്ദേഹത്തിനെതിരായ നിയമനടപടികള്‍ നടന്നുവരികയുമാണ്. ഈ സംഭവത്തില്‍ അധ്യാപകനും ക്ഷമാപണം നടത്തിയിരുന്നു.