Saturday, July 17, 2010

ഫാ. ജോസ്‌ ചിറ്റൂപ്പറമ്പില്‍ രാജ്കോട്ട്‌ രൂപത നിയുക്ത ബിഷപ്‌

രാജ്കോട്ട്‌ രൂപതയുടെ പുതിയ ബിഷപ്പായി ഫാ. ജോസ്‌ ചിറ്റൂപ്പറമ്പിലിനെ ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പ നിയമിച്ചു. സിഎംഐ രാജ്കോട്ട്‌ പ്രൊവിന്‍സിണ്റ്റെ പ്രൊവിന്‍ഷ്യലായി 2008മുതല്‍ സേവനമനുഷ്ഠിക്കുകയായിരുന്നു അദ്ദേഹം. രാജ്കോട്ട്‌ മെത്രാനായിരുന്ന മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ 75വയസു പൂര്‍ത്തിയായതിനെ ത്തുടര്‍ന്ന്‌ വിരമിച്ച ഒഴിവിലേക്കാണ്‌ രൂപതയുടെ പുതിയ ഇടയനായി ഫാ. ജോസ്‌ ചിറ്റൂപ്പറമ്പില്‍ നിയമിതനായത്‌. മാര്‍ കരോട്ടെമ്പ്രേലിണ്റ്റെ രാജി സ്വീകരിച്ച്‌ മാര്‍പാപ്പ പുതിയ നിയമന ഉത്തരവിറക്കുകയായിരുന്നു. ഇതുസംബന്ധിച്ച പേപ്പല്‍ ബൂള ഇന്നലെ ഇറ്റാലിയന്‍ സമയം ഉച്ചയ്ക്കു 12-ന്‌ വത്തിക്കാനിലും ഇന്ത്യന്‍ സമയം വൈകുന്നേരം മൂന്നരയ്ക്ക്‌ കാക്കനാട്‌ സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ കാര്യാലയത്തിലും രാജ്കോട്ട്‌ രൂപത ആസ്ഥാനത്തും ഒരേസമയത്ത്‌ പ്രസിദ്ധപ്പെടുത്തി. ഫാ. ജോസ്‌ ചിറ്റൂപ്പറമ്പില്‍ എറണാകുളം -അങ്കമാലി അതിരൂപതയിലെ നീലീശ്വരം ഇടവകയില്‍ പരേതനായ സി.വി. ചെറിയാന്‍ - മറിയാമ്മ ദമ്പതികളുടെ മകനാണ്‌. 1954ഡിസംബര്‍ 10-ന്‌ ജനിച്ച അദ്ദേഹം 1977മേയ്‌ 16-ന്‌ സിഎംഐ സഭയില്‍ പ്രഥമ വ്രതവാഗ്ദാനം നടത്തി. 1985ഡിസംബര്‍ എട്ടിന്‌ പൌരോഹിത്യം സ്വീകരിച്ചു. ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍നിന്ന്‌ ബിഎ, രാജഗിരി കോളജില്‍ നിന്നു എംഎസ്ഡബ്ള്യു ഡിഗ്രികള്‍ കരസ്ഥമാക്കിയിട്ടുള്ള ഫാ.ജോസ്‌ രാജ്കോട്ട്‌ രൂപതയുടെ വിവിധ മിഷനുകളില്‍ വികാരിയായി സേവനം ചെയ്തിട്ടുണ്ട്‌. ഭോപ്പാലിലെ പൂര്‍ണോദയാ ട്രെയിനിംഗ്‌ സെണ്റ്ററിണ്റ്റെ അഡ്മിനിസ്ട്രേറ്റര്‍, രാജ്കോട്ട്‌ പ്രൊവിന്‍സിണ്റ്റെ സോഷ്യല്‍ സര്‍വീസ്‌ കൌണ്‍സിലര്‍ എന്നീ നിലകളിലും 1994മുതല്‍ 14വര്‍ഷം രൂപത സോഷ്യല്‍ സര്‍വീസ്‌ ഡയറക്ടറായും പ്രവര്‍ത്തിച്ചു. 2001ലുണ്ടായ ഭൂകമ്പത്തില്‍ ഭവനം നഷ്ടമായവരുടെ പുനരധിവസിപ്പിക്കലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ക്രൈസ്റ്റ്‌ ഹോസ്പിറ്റലിണ്റ്റെ നിര്‍മാണപ്രവര്‍ത്തനങ്ങളിലും ഫാ. ജോസ്‌ വലിയ പങ്കുവഹിച്ചിട്ടുണ്ട്‌. കാരിത്താസ്‌ ഇന്ത്യയുടെ പ്രോജക്ട്‌ സെലക്്ഷന്‍ കമ്മിറ്റിയംഗമായി മൂന്നുവര്‍ഷം പ്രവര്‍ത്തിച്ചു. 1977-ല്‍ രൂപീകൃതമായ രാജ്കോട്ട്‌ രൂപതയുടെ മൂന്നാമത്തെ ബിഷപ്പാണ്‌ ഫാ. ജോസ്‌ ചിറ്റൂപ്പറമ്പില്‍. 1977-ല്‍ രൂപതയുടെ പ്രഥമ ബിഷപ്പായി നിയമിതനായ മാര്‍ ജോനാസ്‌ തളിയത്ത്‌ 1981-ല്‍ ആകസ്മികമായി അന്തരിച്ചു. തുടര്‍ന്ന്‌ 1983ല്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനായ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍ നീണ്ട 27വര്‍ഷത്തെ രൂപത ഭരണശുശ്രൂഷയ്ക്കു ശേഷമാണ്‌ സ്ഥാനമൊഴിയുന്നത്‌. കോട്ടയം കാഞ്ഞിരപ്പള്ളി കാളകെട്ടി കരോട്ടെമ്പ്രേല്‍ കുടുംബാംഗമാണ്‌ മാര്‍ ഗ്രിഗറി കരോട്ടെമ്പ്രേല്‍.