Thursday, July 22, 2010

വിശ്വാസത്തിനുനേരേ ഉയരുന്ന വെല്ലുവിളികള്‍ക്ക്‌ മറുപടി നല്‍കണം: മാര്‍ ജോസഫ്‌ പവ്വത്തില്‍


വിശ്വാസത്തിനുനേരേ ഉയരുന്ന ബാഹ്യശക്തികളുടെ വെല്ലുവിളികള്‍ തിരിച്ചറിയുകയും അതിന്‌ ശക്തമായ മറുപടി നല്‍കുകയും വേണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. കെസിബിസി ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാരിവട്ടം പിഒസിയില്‍ വിളിച്ചുചേര്‍ത്ത കത്തോലിക്കാ രൂപത വക്താക്കളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭ ഇന്ന്‌ ഏറെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്‌. സമൂഹത്തിലെ പ്രശ്നങ്ങള്‍, വിശ്വാസത്തിലെ ചോര്‍ച്ച, ധാര്‍മികമൂല്യങ്ങളിലെ ഇടിവ്‌, ബാഹ്യമായ പ്രശ്്നങ്ങള്‍ തുടങ്ങിയവ സഭയുടെ ശുശ്രൂഷ മേഖലകളില്‍ വെല്ലുവിളി ഉയര്‍ത്തുന്നവയാണ്‌. സമൂഹങ്ങള്‍ ഇല്ലാതാകുന്നത്‌ ആന്തരികമായ വെല്ലുവിളികള്‍ക്ക്‌ വ്യക്തമായ മറുപടി നല്‍കാന്‍ കഴിയാതിരിക്കുമ്പോഴാണ്‌. ബാഹ്യശക്തികള്‍ ഉയര്‍ത്തുന്ന ഇത്തരം വെല്ലുവിളികള്‍ തിരിച്ചറിയുകയും അതിന്‌ ശക്തമായ മറുപടി നല്‍കുകയും ചെയ്യുകയെന്നതാണ്‌ ഇതിനുള്ള പോംവഴി. സമൂഹത്തിലെ എല്ലാ ചലനങ്ങളും മനസിലാക്കുകയും പ്രതികരിക്കുകയും ചെയ്യാന്‍ സഭയ്ക്കും വിശ്വാസികള്‍ക്കും കഴിയുന്നുണ്ടോയെന്ന്‌ ചിന്തിക്കണം. ഭൂരിപക്ഷ നിസംഗതയെയാണ്‌ ഏറെ ഭയപ്പെടേണ്ടത്‌. സമൂഹത്തിലെ പൊതുവായ പ്രശ്നങ്ങളെ നാം തിരിച്ചറിയുന്നുണ്ടെങ്കിലും തക്ക സമയത്ത്‌ പ്രതികരിക്കാന്‍ കഴിയുന്നുണ്ടോയെന്നതാണ്‌ പ്രശ്നം. നിഷ്കളങ്കരായിരിക്കുന്നതിനൊപ്പം വിവേകമതികളുമായിരിക്കുകയാണ്‌ വേണ്ടത്‌. എന്നാല്‍, പ്രതികരിക്കാത്തതിനാല്‍ സഭയും വിശ്വാസികളും നിസംഗരാണെന്നതാണ്‌ സമൂഹത്തിണ്റ്റെ ധാരണ. സഭയുടേതായ ശൈലിയിലുള്ള പ്രവര്‍ത്തന ത്തിലൂടെയായിരിക്കണം പ്രതികരിക്കേണ്ടത്‌. ഇന്ന്‌ സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിണ്റ്റെ വിദ്യാഭ്യാസ നയങ്ങള്‍ ഉള്‍പ്പെ ടെയുള്ളവയെല്ലാം സമൂഹത്തെ തെറ്റായ പാതയിലേക്ക്‌ തള്ളിവിടുന്നതാണ്‌. പ്രത്യയശാസ്ത്രത്തിനനുസരിച്ച്‌ സമൂഹത്തെ വാര്‍ത്തെടുക്കാനുള്ള ശ്രമമാണ്‌ നടക്കുന്നത്‌. ഇടതു ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ കേരളത്തില്‍ മാത്രമാണ്‌ പ്രത്യയ ശാസ്ത്രത്തിന്‌ ശക്തമായ വേരോട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നതെന്നും ആര്‍ച്ച്ബിഷപ്‌ കുറ്റപ്പെടുത്തി. വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ സെല്‍ഭരണം കൊണ്ടു വരാനുള്ള സംസ്ഥാന സര്‍ക്കാരിണ്റ്റെ നീക്കത്തെ തിരിച്ചറിയണം. വിശ്വാസപരവും പ്രായോഗികവുമായ നിലപാടുകളാണ്‌ ഇക്കാര്യത്തില്‍ സഭ സ്വീകരിക്കുന്നത്‌. മത വിശ്വാസികളുടെ സമഗ്രജീവിതത്തെ ഭദ്രമാക്കാനുള്ള സഭയുടെ ശ്രമമാണ്‌ ഇടയലേഖനങ്ങള്‍. വിശ്വാസിയെ സംബന്ധിക്കുന്ന കാര്യമാകയാല്‍ അവരുടെ പൊതുജീവിതത്തെപ്പറ്റിയും ഇടയലേഖനത്തില്‍ പരാമര്‍ശിക്കേണ്ടിവരുമെന്ന്‌ ഇടയലേഖനങ്ങള്‍ക്കെതിരായി ഉയര്‍ന്നിട്ടുള്ള അഭിപ്രായങ്ങളെ ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു. വര്‍ഗീയതയും തീവ്രവാദവും തെറ്റാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കോ മതാധിപത്യത്തിനോ വേണ്ടിയോ, വിശ്വാസത്തെ മറയാക്കിയോ ഉള്ള പ്രവര്‍ത്തനങ്ങളെ സഭ അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.വര്‍ഗീയത മതവിശ്വാസത്തിണ്റ്റെ ദുരുപയോഗമാണ്‌.സഭയ്ക്കെതിരേ ഭരണതലത്തില്‍ നിന്നുള്‍പ്പെടെ ഉയരുന്ന വിമര്‍ശനങ്ങള്‍ സഭയുടെ വിശ്വാസവളര്‍ച്ച കണ്ട്‌ അസൂയപ്പെടുന്നവര്‍ പറഞ്ഞു പരത്തുന്നവയാണ്‌-ആര്‍ച്ച്ബിഷപ്‌ പറഞ്ഞു.
ഇന്ന്‌ തെരുവില്‍ കാര്യങ്ങള്‍ തീരുമാനിക്കപ്പെടുന്ന അവസ്ഥയാണുള്ളതെന്ന്‌ ചടങ്ങില്‍ അധ്യക്ഷനായിരുന്ന ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ പറഞ്ഞു. ഈശ്വര വിശ്വാസത്തിന്‌ എതിരായ ചിന്തകള്‍ ഉണ്ടായിവരുന്നുണ്ട്‌. കമ്യൂണിസ്റ്റ്‌ രാജ്യങ്ങളില്‍ സഭ അതിണ്റ്റെ പ്രവര്‍ത്തനങ്ങള്‍ വിജയത്തിലെത്തിച്ചത്‌ അര്‍ഥപൂര്‍ണമായ സംവാദത്തിലൂടെയാണ്‌. കേരളത്തിലും സഭ അത്തരമൊരു സ്നേഹസംവാദമാണ്‌ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ജാഗ്രതാകമ്മീഷണ്റ്റെ വെബ്സൈറ്റിണ്റ്റെ ഉദ്ഘാടനവും ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ നിര്‍വഹിച്ചു.
ജാഗ്രതാ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോണി കൊച്ചുപറമ്പില്‍, കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ.സ്റ്റീഫന്‍ ആലത്തറ, റവ.ഡോ.ജേക്കബ്‌ സ്രാമ്പിക്കല്‍, അഡ്വ.ചാര്‍ളി പോള്‍, മോണ്‍. ചെറിയാന്‍ രാമനാലില്‍, റവ. ഡോ. സക്കറിയാസ്‌ പറനിലം, ഫാ. ജോസഫ്‌ നിക്കോളാസ്‌, മോണ്‍.വിന്‍സണ്റ്റ്‌ അറക്കല്‍, പി. സി. സിറിയക്‌, വി. വി. അഗസ്റ്റിന്‍, ഡോ. ഏബ്രഹാം ജോസഫ്‌, ഡോ. ലിസി ജോസ്‌, എല്‍സാ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങിനു ശേഷം രൂപതാതല ജാഗ്രതാ സമിതികളുടെ റിപ്പോര്‍ട്ട്‌ രൂപത വക്താക്കള്‍ അവതരിപ്പിച്ചു. കത്തോലിക്കാ സഭയിലെ പബ്ളിക്‌ റിലേഷന്‍ ഓഫീസര്‍മാരുടെ ദൌത്യങ്ങളെക്കുറിച്ച്‌ റോമിലെ ഗ്രിഗോറിയന്‍ സര്‍വകലാശാലാ മാധ്യമവിഭാഗം തലവന്‍ റവ.ഡോ.ജേക്കബ്‌ സ്രാമ്പിക്കല്‍ ക്ളാസ്‌ നയിച്ചു. തുടര്‍ന്ന്‌ പൊതുചര്‍ച്ചയും കര്‍മ പരിപാടി രൂപീകരണവും നടന്നു. കേരളത്തിലെ 30രൂപതകളില്‍ നിന്നുള്ളവര്‍ പങ്കെടുത്തു.