കേരളത്തിലെ വിദ്യാര്‍ഥികളെ ആസൂത്രിതമായും വ്യാപകമായും വീണ്ടും ദ്രോഹിക്കുന്നതില്‍നിന്നു വിദ്യാഭ്യാസവകുപ്പു പിന്‍മാറണമെന്ന് ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ചു ബിഷപ്പ് ജോസഫ് പവ്വത്തില്‍ ആവശ്യപ്പെട്ടു.അംഗീകാരം ലഭിച്ചതും വിദ്യാര്‍ഥികളെ പ്രവേശിപ്പിച്ച് അധ്യയനം ആരംഭിക്കുന്നതുമായ ഓഫ് കാമ്പസ് കോഴ്സുകള്‍ക്കു പെട്ടെന്ന് അംഗീകാരം പിന്‍വലിച്ചു വിദ്യാര്‍ഥികളെ ക്രൂരമായി പീഡിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല. കോളജുകളില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ ആയിരിക്കണം ഓഫ് കാമ്പസ് കോഴ്സു നടത്തേണ്ടതെന്ന നിര്‍ദേശത്തിനു യുക്തിയുടെയോ നിയമത്തിണ്റ്റെയോ പിന്‍ബലമില്ല. വിദ്യാര്‍ഥികള്‍ക്കു പരമാവധി പഠിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുന്നതിനുപകരം രാഷ്ട്രീയലക്ഷ്യത്തോടെ മതന്യൂനപക്ഷങ്ങള്‍ നടത്തുന്ന കലാലയങ്ങളെ തെരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ വിദ്യാഭ്യാസവകുപ്പു ശ്രമിക്കുമ്പോള്‍ തകരുന്നത് ഇവിടുത്തെ വിദ്യാഭ്യാസമേഖലയാണ്. സിബിഎസ്‌ഇ സിലബസനുസരിച്ചു പഠിച്ച ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് ഏകജാലക പ്രവേശന പ്രക്രിയയിലൂടെ ഹയര്‍സെക്കന്‍ഡറിയില്‍ പ്രവേശനം നിഷേധിച്ചതും ഇതുപോലെതന്നെ വിദ്യാര്‍ഥികളെ ക്രൂരമായി പീഡിപ്പിക്കുന്ന നിലപാടാണ്. വിദ്യാര്‍ഥികള്‍ക്കു തങ്ങള്‍ക്കിഷ്ടമുളള സിലബസും വിദ്യാലയങ്ങളും തെരഞ്ഞെടുക്കുന്നതിന് അവകാശമുണ്ട്. അതു ഗൂഢതന്ത്രങ്ങളിലൂടെ നിഷേധിക്കുന്നത് ജനാധിപത്യത്തിനും നീതിക്കും നിരക്കുന്നതല്ല. പ്രത്യയശാസ്ത്രം തലക്കുപിടിച്ചവര്‍ നടത്തുന്ന യുക്തിക്കും നീതിക്കും വിവേകത്തിനും നിരക്കാത്ത പരിഷ്ക്കാരങ്ങള്‍ കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ ആകമാനം തകര്‍ക്കുകയാണ്. നല്ല വിദ്യാഭ്യാസത്തിനുവേണ്ടി സംസ്ഥാനം വിട്ടുപോകേണ്ട ഗതികേടുവരുന്നതുകൊണ്ട് അന്യസംസ്ഥാനങ്ങളിലെ ലോബിക്കുവേണ്ടിയാണ് ഇവിടെ ഇതുപോലെയുളള വിദ്യാര്‍ഥിവിരുദ്ധ വിദ്യാഭ്യാസനയങ്ങള്‍ക്ക് രൂപം നല്‍കുന്നതെന്നു ആരോപണങ്ങള്‍ ഈ സാഹചര്യത്തിലാണ് ശക്തിപ്പെടുന്നത്.- പ്രസ്താവന പറയുന്നു.