Monday, July 26, 2010

പാവങ്ങള്‍ക്കു നീതി ലഭ്യമാക്കുക കത്തോലിക്കാ പ്രതിബദ്ധത: ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍

പാവങ്ങളോടു പക്ഷം ചേരുകയും അവര്‍ക്കു നീതി ലഭ്യമാക്കുകയുമാണ്‌ കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രതിബദ്ധതയെന്നു വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറയ്ക്കല്‍. സാര്‍വത്രികസഭയുടെ സാമൂഹിക പ്രബോധനം - എന്ന വിഷയത്തില്‍ പാലാരിവട്ടം പിഒസിയില്‍ സംഘടിപ്പിച്ച പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആധുനിക ലോകത്ത്‌ എന്നും മനുഷ്യന്‌ എല്ലാത്തരം സൌകര്യങ്ങളും ലഭ്യമാണ്‌. എന്നാല്‍, ഇത്‌ ഒരു ഭാഗത്തേക്കു മാത്രം ചുരുങ്ങിപ്പോവുകയും ചില വിഭാഗങ്ങള്‍ പാര്‍ശ്വവത്കരിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരക്കാരുടെ ജീവിതത്തിലേക്ക്‌ പ്രകാശമായി കടന്നുചെല്ലാനാണ്‌ സഭയുടെ നിയോഗം. ക്രിസ്തുവിണ്റ്റെ ജീവിതത്തില്‍നിന്നു പകര്‍ന്നതാണ്‌ സഭയുടെ സാമൂഹിക പ്രതിബദ്ധതയെന്നും അദ്ദേഹം പറഞ്ഞു. കെസിബിസി ഡപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരുന്നു. സാര്‍വത്രിക സഭയുടെ സാമൂഹിക പ്രബോധനം മലയാളത്തില്‍ തര്‍ജമ ചെയ്ത പുസ്തകം ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ഡോ. ചാള്‍സ്‌ ഡയസ്‌ എംപിക്ക്‌ നല്‍കി പ്രകാശനം ചെയ്തു. റവ.ഡോ. മരിയാന്‍ അറയ്ക്കല്‍, റവ.ഡോ. ജോര്‍ജ്‌ കുരുക്കൂറ്‍, റവ.ഡോ. ജോസ്‌ കോട്ടയില്‍, പ്രഫ. ലാലിയമ്മ ജോസ്‌ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ നടന്ന വിവിധ സെഷനുകളില്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍, എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്‌ , ഡോ. കെ.എം. ഫ്രാന്‍സിസ്‌, ഡോ. പി.സി. അനിയന്‍കുഞ്ഞ്‌, ഫാ. റൊമാന്‍സ്‌ ആണ്റ്റണി എന്നിവര്‍ ക്ളാസുകള്‍ നയിച്ചു.