Friday, July 2, 2010

സിഎംഎസ്‌ ആക്രമണം: എസ്‌എഫ്‌ഐ നഷ്ടപരിഹാരം നല്‍കണമെന്ന്‌ കോളജ്‌

സിഎംഎസ്‌ കോളജില്‍ എസ്‌എഫ്‌ഐക്കാരും പാര്‍ട്ടി ഗുണ്ടകളും നടത്തിയ ആക്രമണത്തില്‍ നഷ്ടപരിഹാരമാവശ്യപ്പെട്ട്‌ കോളജ്‌ മാനേജ്മെണ്റ്റ്‌ കോടതിയെ സമീപിക്കും. രണ്ടു ലക്ഷം രൂപയുടെ നഷ്ടം ഓഫീസിനുണ്ടായതായി കണക്കാക്കിയാണ്‌ കോട്ടയം സെഷന്‍സ്‌ കോടതിയില്‍ മാനേജ്മെണ്റ്റ്‌ ഹര്‍ജി നല്‍കുന്നത്‌. കോളജിനുണ്ടായ നഷ്ടം അക്രമം നടത്തിയ എസ്‌എഫ്‌ഐക്കാരും സിപിഎം പിന്‍ബലത്തില്‍ കോളജില്‍ അതിക്രമിച്ചു കയറിയവരും നല്‍കണമെന്നാവശ്യപ്പെട്ടാണ്‌ ഹര്‍ജി നല്‍കുക. ജൂണ്‍ 16ന്‌ രാവിലെ 11.15ന്‌ കോളജിനുള്ളില്‍ മൂപ്പതിലേറെപ്പേര്‍ അതിക്രമിച്ചുകയറി ഓഫീസ്‌ ബ്ളോക്ക്‌ അടിച്ചുതകര്‍ത്തതായി കോട്ടയം വെസ്റ്റ്‌ സ്റ്റേഷനില്‍ കേസ്‌ നിലവിലുണ്ട്‌. ഈ കേസിണ്റ്റെ അടിസ്ഥാനത്തിലാണ്‌ നഷ്ടപരിഹാരമാവശ്യപ്പെടുന്നത്‌. കേടുപാട്‌ സംഭവിച്ച കംപ്യൂട്ടറുകളും ഫര്‍ണിച്ചറുകളും മാത്രമല്ല പൊട്ടിവീണ കണ്ണാടിച്ചില്ലുകള്‍വരെ നീക്കം ചെയ്തിട്ടില്ല. കോടതി നിയോഗിക്കുന്ന കമ്മീഷന്‍ യഥാര്‍ഥ നാശനഷ്ടം വിലയിരുത്താനാണിതെന്ന്‌ കോളജ്‌ അധികൃതര്‍ പറയുന്നു