Friday, July 2, 2010

സഭയുടെ നന്‍മ മാധ്യമപ്രവര്‍ത്തകരിലൂടെ സമൂഹത്തിലെത്തണം: മാര്‍ മാത്യു അറയ്ക്കല്‍

സഭയുടെ അംബാസഡര്‍മാരായ മാധ്യമപ്രവര്‍ത്തകരിലൂടെയാണ്‌ സഭയുടെ നന്‍മനിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തില്‍ എത്തിപ്പെടേണ്ടതെന്നു ബിഷപ്‌ മാര്‍ മാത്യു അറയ്ക്കല്‍. മാധ്യമപ്രവര്‍ത്തകര്‍ കൂടി ഉള്‍പ്പെട്ട ചര്‍ച്ചാവേദികളും സംവാദങ്ങളും സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു കൂടുതല്‍ ദിശാബോധം പകരുമെന്നും അദ്ദേഹം പറഞ്ഞു. സീറോ മലബാര്‍ സഭയുടെ മൂന്നാമത്‌ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സമ്മേളനത്തില്‍ അവതരിപ്പിക്കുന്ന മാര്‍ഗരേഖയെക്കുറിച്ചു സംഘടിപ്പിച്ച മാധ്യമശില്‍പശാല കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'വിശ്വാസം ജീവണ്റ്റെ സംരക്ഷണത്തിനും സമ്പൂര്‍ണതയ്ക്കും' എന്നതാണ്‌ മാര്‍ഗരേഖാവിഷയം. ഓഗസ്റ്റ്‌ 20മുതല്‍ 22വരെയാണ്‌ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സമ്മേളനം. ശില്‍പശാലയില്‍ സീറോ മലബാര്‍ സഭാ വക്താവ്‌ റവ.ഡോ.പോള്‍ തേലക്കാട്ട്‌ വിഷയാവതരണം നടത്തി. ജീവണ്റ്റെ പ്രശ്നം മനുഷ്യരുടെ മാത്രമല്ല, സര്‍വചരാചരങ്ങളുടെയും പ്രപഞ്ചനിലനില്‍പ്പിണ്റ്റെയുംകൂടി പ്രശ്നമാണെന്നും ഡോ.തേലക്കാട്ട്‌ പറഞ്ഞു. വിഷയത്തിണ്റ്റെ പ്രായോഗികതയെക്കുറിച്ച്‌ ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍ പ്രസംഗിച്ചു. ശില്‍പശാലയില്‍ ഉരുത്തിരിഞ്ഞ അഭിപ്രായങ്ങള്‍ സിനഡില്‍ വിശദമായ ചര്‍ച്ചയ്ക്കു വിധേയമാക്കുമെന്നും അദ്ദേഹം അറിയിച്ചു. വൈദിക പ്രതിനിധികള്‍, അല്‍മായ സംഘടനാ പ്രതിനിധികള്‍, വിവിധ മാധ്യമ പ്രതിനിധികള്‍ എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു. ഓര്‍ഗനൈസിംഗ്‌ കമ്മിറ്റി സെക്രട്ടറി ഫാ.ജസ്റ്റിന്‍ വെട്ടുകല്ലേല്‍, സീറോമലബാര്‍ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍, പബ്ളിസിറ്റി കമ്മിറ്റി കണ്‍വീനര്‍ അഡ്വ.ജോസ്‌ വിതയത്തില്‍, ഡോ. കൊച്ചുറാണി ജോസ്‌ എന്നിവര്‍ നേതൃത്വം നല്‍കി.