മൂല്യബോധവും സംസ്കാരവുമുള്ള വിദ്യാര്‍ഥി സമൂഹത്തെ വാര്‍ത്തെടുക്കുക എന്നതാണ് രൂപതയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യമെന്ന് ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍. ബിഷപ് ജെറോം ട്രസ്റ്റ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിണ്റ്റെ എന്‍ജിനീയറിംഗ് കോളജിണ്റ്റെ ആശീര്‍വാദകര്‍മത്തിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു ബിഷപ്. ക്രിസ്തീയമൂല്യങ്ങളും മാനുഷിക മൂല്യങ്ങളും ഉയര്‍ത്തിപ്പിടിക്കുന്ന വിദ്യാര്‍ഥിസമൂഹമാണ് ഉണ്ടാകേണ്ടത്. ഇതിനായി അധ്യാപകരും വിദ്യാര്‍ഥികളും അനധ്യാപകരും അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കണം. ഈ കൂട്ടായ്മയ്ക്കിടയില്‍ മാനുഷികമൂല്യങ്ങള്‍ കൈമോശം വരരുതെന്നും ഡോ.സ്റ്റാന്‍ലി റോമന്‍ ഉദ്ബോധിപ്പിച്ചു. പണം സമ്പാദിക്കാനുള്ള മാര്‍ഗമായി വിദ്യാഭ്യാസ സ്ഥാപനങ്ങളെ രൂപത ഒരിക്കലും കരുതിയിട്ടില്ല. എന്നാല്‍ ഈ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാരിണ്റ്റെ ഭാഗത്തുനിന്ന് പലതും ലഭിക്കാത്തതില്‍ ബുദ്ധിമുട്ടുണ്ട്. മേഖലയിലെ പരിഷ്കാരങ്ങള്‍ എല്ലാവര്‍ക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭിക്കുന്നതിന് ഉതകുന്നതാകണമെന്നും ബിഷപ് നിര്‍ദേശിച്ചു. മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കിയാല്‍ മാത്രമേ സ്ഥാപനത്തിന് നിലനില്‍പ്പ് ഉണ്ടാകുകയുള്ളൂ. ട്രസ്റ്റിണ്റ്റെ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് നല്ല ശിക്ഷണവും പരിശീലനവും നല്‍കാനാണ് ആഗ്രഹിക്കുന്നത്.മറ്റ് കത്തോലിക്കാ എന്‍ജിനീയറിംഗ് കോളജുകള്‍ ആവശ്യപ്പെടുന്ന ഫീസ് മാത്രമേ ഇവിടെയും ഈടാക്കുകയുള്ളൂ. കെസിബിസിയുടെ താത്പര്യവും ഒരേ ഫീസ് ഈടാക്കണമെന്നുതന്നെയാണ്. വൈദികരും അല്‍മായരും ഒരു മനസോടെ സഹകരിച്ചതുകൊണ്ടാണ് ഈ സ്ഥാപനം പൂര്‍ണതയിലെത്തിയതെന്നും ബിഷപ് ചൂണ്ടിക്കാട്ടി. ബിഷപ് ജെറോം എന്‍ജിനീയറിംഗ് കോളജിന് സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കുന്നതിന് വ്യക്തിപരമായി താന്‍ മുന്‍കൈയെടുക്കുമെന്ന് ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തിയ മന്ത്രി പി.കെ.ഗുരുദാസന്‍ ഉറപ്പ് നല്‍കി. കൊല്ലത്തിണ്റ്റെ അഭിമാനസ്തംഭമായി സ്ഥാപനം ഉയരട്ടെയെന്നും മന്ത്രി ആശംസിച്ചു. രാജ്യത്തിണ്റ്റെ വികസനത്തിന് ഉതകുന്ന വിഷയങ്ങള്‍ തന്നെ പാഠ്യവിഷമായി തെരഞ്ഞെടുത്തിട്ടുള്ള കാമ്പസ് അന്താരാഷ്ട്ര നിലവാരത്തില്‍ ഉയരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും മന്ത്രി ഗുരുദാസന്‍ കൂട്ടിച്ചേര്‍ത്തു. പിഎസ്സി അംഗം പ്രഫ.ഇ.മേരിദാസന്‍, മേയര്‍ അഡ്വ.വി.രാജേന്ദ്രബാബു, ഗവണ്‍മെണ്റ്റ് സെക്രട്ടറി അനില്‍ സേവ്യര്‍, പ്രിന്‍സിപ്പല്‍ ഡോ. ജോണ്‍ എം.ജോര്‍ജ്, ട്രസ്റ്റ് സെക്രട്ടറി ഫാ.രാജേഷ് മാര്‍ട്ടിന്‍, പി. അല്‍ഫോണ്‍സ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ആശീര്‍വാദത്തിന് മുന്നോടിയായി ബിഷപ് ജെറോമിണ്റ്റെ കബറിടത്തില്‍ നിന്ന് കോളജ് കാമ്പസിലേക്ക് വിദ്യാരംഭ വിളംബര ദീപശിഖാറാലി നടന്നു. നഗരത്തിലെ വിവിധ സ്കൂളുകളിലെ നൂറുകണക്കിന് വിദ്യാര്‍ഥികള്‍ റാലിയില്‍ അണിചേര്‍ന്നു. ചെണ്ടമേളം, ബാന്‍ഡുമേളം തുടങ്ങിയവ റാലിക്ക് മിഴിവേകി. തുടര്‍ന്ന് ബിഷപ് ഡോ.സ്റ്റാന്‍ലി റോമന്‍ ദീപശിഖ ഏറ്റുവാങ്ങി. റവ.ഫെര്‍ഡിനാണ്റ്റ് മരിയ, റവ.അലോഷ്യസ് മരിയ ബെന്‍സിഗര്‍, റവ.ജെറോം എം.ഫെര്‍ണാണ്ടസ് എന്നിവരുടെ ഛായാചിത്രങ്ങള്‍ക്ക് മുന്നില്‍ ഡോ.സ്റ്റാന്‍ലി റോമനും മന്ത്രി എന്‍.കെ.പ്രേമചന്ദ്രനും പുഷ്പാര്‍ച്ചന നടത്തി.സാങ്കേതിക വിഭ്യാഭ്യാസ രംഗത്ത് രൂപതയുടെ സംഭാവനയായ ഈ വിദ്യാഭ്യാസ സമുച്ചയം വളര്‍ച്ചയുടെ പടവുകള്‍ പിന്നിടട്ടെയെന്ന് മന്ത്രി പേമചന്ദ്രന്‍ ആശംസിച്ചു