Tuesday, August 3, 2010

അപരനെ സഹായിക്കുന്നതാണ്‌ ക്രൈസ്തവ മൂല്യം: മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍

ക്രൈസ്തവ ജീവിതം മറ്റുള്ളവര്‍ക്കുവേണ്ടിയുള്ളതാണെന്നും അപരനെ സഹായിക്കുന്നതാണ്‌ ക്രൈസ്തവ മൂല്യമെന്നും മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. ഹൈറേഞ്ച്‌ ഡവലപ്മെണ്റ്റ്‌ സൊസൈറ്റിയുടെയും സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ കുവൈറ്റിണ്റ്റെയും സംയുക്ത ആഭിമുഖ്യത്തില്‍ നടത്തിയ മൂന്നാംഘട്ട ഭവന പദ്ധതി പ്രകാരം നിര്‍മിച്ച 71വീടുകളുടെ താക്കോല്‍ദാന കര്‍മത്തില്‍ അധ്യക്ഷതവഹിച്ചു പ്രസംഗിക്കുകയായിരുന്നു മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍. അമിത പണമോഹമുള്ള ഉദ്യോഗസ്ഥരും കപട പ്രകൃതി സ്നേഹികളും ഹൈറേഞ്ച്‌ കുടിയേറ്റക്കാര്‍ക്ക്‌ ഭീഷണിയായിരിക്കുകയാണ്‌. ഇത്തരക്കാരുടെ പ്രവൃത്തികള്‍ മൂലം പിറന്ന മണ്ണില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്‌. ഈ സംഭവങ്ങളില്‍ ക്രൈസ്തവ സഭ നിര്‍ണായകമായ ഇടപെടലുകളാണ്‌ നടത്തിയിരിക്കുന്നത്‌.പ്രതികൂല സാഹചര്യങ്ങളിലും പാവപ്പെട്ടവര്‍ക്കുവേണ്ടി എസ്‌എംസിഎ ചെയ്യുന്ന പങ്ക്‌ മറക്കാന്‍ കഴിയാത്തതാണെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു. റോഷി അഗസ്റ്റിന്‍ എംഎല്‍എ താക്കോല്‍ദാനകര്‍മം നിര്‍വഹിച്ചു. എസ്‌എംസിഎ പ്രസിഡണ്റ്റ്‌ സെബാസ്റ്റ്യന്‍ പുരയിടത്തില്‍ മുഖ്യ പ്രഭാഷണം നടത്തി. റവ. ഡോ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍, ഫാ. ജോസ്‌ കിഴക്കേല്‍, ഫാ. ജോര്‍ജ്‌ കൊല്ലംപറമ്പില്‍, സോജി പീറ്റര്‍, സിഎം. ലൂക്കോച്ചന്‍, കുഞ്ഞമ്മ തോമസ്‌, എം.ടി. തോമസ്‌ എന്നിവര്‍ പ്രസംഗിച്ചു.