പ്രത്യയശാസ്ത്രങ്ങളുടെ അടിത്തറ നഷ്ടപ്പെട്ടവരുടെ രോഷപ്രകടനത്തിനപ്പുറം ക്രൈസ്തവ സഭയ്ക്കുനേരേ ചില രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നടത്തുന്ന വിമര്‍ശനങ്ങളേയും ആക്ഷേപങ്ങളേയും പൊതുസമൂഹവും വിശ്വാസികളും മുഖവിലയ്ക്കെടുക്കേണ്ടതില്ലെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍. സഭാ പ്രവര്‍ത്തനങ്ങളില്‍ കടന്നു കയറാനോ ഇടപെടാനോ ഒരു രാഷ്ട്രീയപ്രസ്ഥാനത്തെയും മുന്നണിയെയും അനുവദിക്കില്ല. കക്ഷിരാഷ്ട്രീയം സഭയുടെ അജന്‍ഡയല്ലെന്നു സഭാനേതൃത്വം പലതവണ വ്യക്തമാക്കിയിരിക്കെ സഭയെ ആക്ഷേപിച്ചും അവഹേളിച്ചും ഭൂരിപക്ഷവര്‍ഗീയത രൂപപ്പെടുത്താന്‍ ചിലര്‍ നടത്തുന്ന രാഷ്ട്രീയതന്ത്രങ്ങള്‍ ജനങ്ങള്‍ക്കു വ്യക്തമാണെന്ന് അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി. സെബാസ്റ്റ്യന്‍ ചൂണ്ടിക്കാട്ടി. ജനക്ഷേമവും നന്‍മയും പൊതുസമൂഹത്തിനും രാഷ്ട്രത്തിനും പങ്കുവയ്ക്കുന്ന രാഷ്ട്രീയമാണ് സഭയുടേത്. ക്രൈസ്തവ സഭയുടെ ഐക്യവും കെട്ടുറപ്പും കണ്ടു ഭയപ്പെട്ടിട്ടു കാര്യമില്ല. അനൈക്യം സൃഷ്ടിക്കാമെന്ന് ആരും മോഹിക്കേണ്ടതില്ല- അദ്ദേഹം പറഞ്ഞു.