എങ്ങനെ വിശുദ്ധിയിലെത്താമെന്ന് സ്വന്തം ജീവിതത്തിലൂടെ സാധാരണക്കാര്‍ക്കു കാട്ടിക്കൊടുത്ത മഹനീയ വ്യക്തിത്വമാണ് അല്‍ഫോന്‍സാമ്മയുടേതെന്നു ചങ്ങനാശേരി അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. അല്‍ഫോന്‍സാമ്മയുടെ ജന്‍മശതാബ്ദി ആഘോഷങ്ങളുടെ സമാപനസമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്നേഹവും സമര്‍പ്പണവും ജീവിത വ്രതമായി സ്വീകരിച്ച വ്യക്തിയായിരുന്നു അല്‍ഫോന്‍സാമ്മ. പുതിയ തലമുറ വിശ്വാസജീവിതത്തില്‍ പിന്തുടരേണ്ട ഉത്തമ മാതൃകയാണ് അല്‍ഫോന്‍സാമ്മയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ ഇണ്റ്റര്‍ ചര്‍ച്ച് കൌണ്‍സില്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തില്‍ അനുഗ്രഹപ്രഭാഷണം നടത്തി. സ്നേഹത്തോടും സഹനത്തോടുമുളള പുതിയതലമുറയുടെ സമീപനത്തില്‍ പ്രത്യക്ഷത്തില്‍ തന്നെ മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന കാലത്ത് അല്‍ഫോന്‍സാമ്മയുടെ ജീവിതം വിശ്വാസ ജീവിതത്തിന് ദിശാബോധം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു. വിശ്വാസത്തിനു ചോര്‍ച്ച സംഭവിക്കുമ്പോള്‍ വിശ്വാസത്തിലേക്കു ക്രൈസ്തവരെ മടക്കിക്കൊണ്ടുവരാന്‍ കഴിയുന്ന തിരുത്തല്‍ ശക്തിയായി അല്‍ഫോന്‍സാമ്മയുടെ ജീവിതം മാറിയെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു.സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കെ.എം. മാണി എംഎല്‍എ, തോമസ് ചാഴികാടന്‍ എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, കുടമാളൂറ്‍ ഫൊറോന വികാരി ഫാ. ജോര്‍ജ് കൂടത്തില്‍, റവ. ഡോ. കുര്യന്‍ മുട്ടത്തുപാടം, സിസ്റ്റര്‍ സിന്‍ക്ളെയര്‍ എഫ്സിസി, അഡ്വ. സണ്ണി ജോര്‍ജ് ചാത്തുകുളം എന്നിവര്‍ പ്രസംഗിച്ചു.