Wednesday, August 11, 2010

സഭയുടെ രാഷ്ട്രീയ ഇടപെടലുകള്‍ സമൂഹനന്‍മയ്ക്ക്‌: എകെസിസി

സമൂഹത്തില്‍ നിസ്വാര്‍ഥ സേവനം നടത്തുന്ന ക്രൈസ്തവ സമൂഹത്തിണ്റ്റെ രാഷ്ട്രീയ-സാമൂഹിക ഇടപെടലുകള്‍ സമൂഹനന്‍മയ്ക്കു വേണ്ടിയാണെന്ന്‌ എകെസിസി പാലാ രൂപത നേതൃസമ്മേളനം അഭിപ്രായപ്പെട്ടു. കക്ഷിരാഷ്ട്രീയത്തില്‍ സഭ ഇടപെടാറില്ല. ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ മതങ്ങള്‍ക്കും മതമേലധ്യക്ഷന്‍മാര്‍ക്കുമുണ്ട്‌. രാഷ്ട്രീയ പ്രവര്‍ത്തന സ്വാതന്ത്യ്രം ഭരണഘടന നല്‍കുന്നതാണ്‌. ഇതിനെ വിമര്‍ശിക്കുന്ന സിപിഎം വിജയവാഡ പ്രമേയം ജനങ്ങള്‍ തള്ളിക്കളയും - യോഗം വിലയിരുത്തി. ഈശ്വരവിശ്വാസം സംരക്ഷിക്കുക എന്നത്‌ ഈശ്വരവിശ്വാസികളുടെ പ്രഥമ ദൌത്യമാണ്‌. അതുകൊണ്ട്‌ നിരീശ്വരത്വത്തിനെതിരേ ശബ്ദിക്കേണ്ടിവരുന്നു. മതനേതാക്കളെയും ഈശ്വരവിശ്വാസത്തെയും അവഹേളിക്കുന്ന സമീപനമാണ്‌ കഴിഞ്ഞ നാലു വര്‍ഷമായി സിപിഎം കേരളത്തില്‍ നടത്തുന്നത്‌. രാഷ്ട്രീയപാര്‍ട്ടികള്‍ മതത്തില്‍ ഇടപെടുന്നത്‌ അവസാനിപ്പിക്കണം. ഭരണഘടനയ്ക്ക്‌ വിധേയമായും സഭാപ്രബോധനങ്ങള്‍ക്കനുസരിച്ചും പ്രബോധനം നല്‍കാനുള്ള അവകാശവും ബാധ്യതയും സഭാധികാരികള്‍ക്കുണ്ട്‌. ഇതു നിഷേധിക്കാനുള്ള സിപിഎം നീക്കം അവസാനിപ്പിക്കണമെന്ന്‌ എകെസിസി സമ്മേളനം ആവശ്യപ്പെട്ടു. എം.എം. ജേക്കബ്‌ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോര്‍ജ്‌ വര്‍ഗീസ്‌ ഞാറക്കുന്നേല്‍, സാജു അലക്സ്‌, ടോമി തുരുത്തിക്കര, ബെന്നി പാലക്കത്തടം, ജയിംസ്‌ ചെറുവള്ളി, മാത്തുക്കുട്ടി കലയത്തിനാല്‍ എന്നിവര്‍ പ്രസംഗിച്ചു.