Wednesday, August 11, 2010

സഭയെ വിരട്ടി കാര്യം നേടാന്‍ ശ്രമിക്കേണ്ട: കെസിവൈഎം എറണാകുളം-അങ്കമാലി അതിരൂപത

പ്രത്യക്ഷമായും പരോക്ഷമായും സഭയെ വിരട്ടി കാര്യം നേടാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും തുനിയേണെ്ടന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത കെസിവൈഎം വ്യക്തമാക്കി. സാമൂഹിക നന്‍മയ്ക്ക്‌ ഉതകുന്ന രീതിയില്‍ രാഷ്ട്രീയത്തില്‍ ഇടപെടാനും വിശ്വാസികള്‍ക്ക്‌ ശരിയായ മാര്‍ഗനിര്‍ദേശം നല്‍കാനും സഭാപിതാക്കന്‍മാര്‍ക്കും സഭാ നേതൃത്വത്തിനും കടമയും ഉത്തരവാദിത്വവുമുണ്ട്‌. സഭയ്ക്ക്‌ വ്യക്തമായ രാഷ്ട്രീയ ദര്‍ശനമുള്ളതുകൊണ്ട്‌ തന്നെ ജനാധിപത്യവും മതേതരമൂല്യങ്ങളും സംരക്ഷിക്കുവാനും വര്‍ഗീതയും അക്രമവും തീവ്രവാദപ്രവര്‍ത്തനങ്ങളും തടയുവാനും സഭ ഇന്നും പ്രതിജ്ഞാബദ്ധമാണ്‌. എല്ലാ അടവുനയങ്ങളും പരീക്ഷിച്ച്‌ പരാജയപ്പെട്ട സിപിഎം പുതിയ അടവുനയങ്ങള്‍ പയറ്റാനുള്ള തത്രപ്പാടിലാണ്‌. സഭയെയും സഭാ പിതാക്കന്‍മാരെയും നിരന്തരം ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്തിട്ടും സഭാമക്കളുടെ കൂട്ടായ്മയും കെട്ടുറപ്പും വര്‍ധിക്കുകയല്ലാതെ അതിനെ തകര്‍ക്കാന്‍ ഇക്കൂട്ടര്‍ക്കായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ പ്രീളനനയങ്ങളുമായി പാര്‍ട്ടി രംഗത്തിറങ്ങിയിരിക്കുകയാണ്‌. സഭയെയും സഭാ പിതാക്കന്‍മാരെയും പേടിപ്പിച്ച്‌ വരുതിയിലാക്കാന്‍ ശ്രമിക്കേണെ്ടന്നും അത്‌ വെറും പാഴ്‌വേലയാണെന്ന കാര്യം പാര്‍ട്ടിക്ക്‌ അനുഭവമുള്ളതാണെന്ന്‌ മറക്കേണെ്ടന്നും കെസിവൈഎം വ്യക്തമാക്കി. പള്ളികളില്‍ വരുന്നത്‌ വിശ്വാസികളായതുകൊണ്ടുതന്നെ വിശ്വാസികളെ നിരീശ്വരപ്രസ്ഥാനങ്ങളില്‍ നിന്നും പ്രവര്‍ത്തനങ്ങളില്‍ നിന്നും പിന്തിരിപ്പിക്കേണ്ടത്‌ അതിന്‌ ഉത്തരവാദിത്വപ്പെട്ടവരുടെ ചുമതലയാണ്‌. ഇനിയും തുടരുകതന്നെ ചെയ്യുമെന്ന്‌ കെസിവൈഎം അതിരൂപതാ പ്രസിഡണ്റ്റ്‌ ഷിജോ മാത്യു, ഡയറക്ടര്‍ ഫാ.തോമസ്‌ മങ്ങാട്ട്‌, ജനറല്‍ സെക്രട്ടറി അഗസ്റ്റിന്‍ കല്ലൂക്കാരന്‍, വി.എ സജി, പ്രിയ ഫ്രാന്‍സിസ്‌, ജിയോ ജോസഫ്‌, ജോഷി ജോസഫ്‌, സിജോ ഡേവിസ്‌, ബെന്നി ആണ്റ്റണി, കെ.ഡി ലോജി, ജെയ്മോന്‍ തോട്ടുപുറം, അമല മാത്യു എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.