Tuesday, August 31, 2010

ഈശ്വരവിശ്വാസത്തെയും മതസൌഹാര്‍ദത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജാഗ്രതയോടെ കാണണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസത്തെയും മതസൌഹാര്‍ദത്തെയും തകര്‍ക്കാന്‍ ശ്രമിക്കുന്ന ശക്തികളെ ജാഗ്രതയോടെ കാണണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ജമാഅത്തെ ഇസ്ളാമി സംഘടിപ്പിച്ച ഇഫ്ത്താര്‍ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍ച്ച്ബിഷപ്‌. മതങ്ങളെ തമ്മിലും മനുഷ്യരെ തമ്മിലും അകറ്റാന്‍ ഗൂഢശ്രമങ്ങള്‍ നടക്കുന്നുണ്ട്‌. ചില മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും സ്വാധീനത്തിലൂടെ യുവതലമുറയെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നു. മതവിശ്വാസമില്ലാത്തവരാണ്‌ സ്പര്‍ദയും വിദ്വേഷവും വളര്‍ത്തുന്നത്‌. യുവതലമുറയ്ക്ക്‌ യഥാര്‍ഥ മതദര്‍ശനം പകരാന്‍ കഴിയണം. തെറ്റുകളെയും പാളിച്ചകളെയും പര്‍വതീകരിക്കുന്ന സമീപനം ശരിയല്ല. മറ്റു മനുഷ്യരെയും മതങ്ങളെയും ആദരിച്ച്‌ സൌഹൃദം ഉറപ്പിക്കണമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. മൌലവി ജമാലുദീന്‍ മങ്കട സന്ദേശം നല്‍കി. പി.എ.നൌഷാദ്‌ അധ്യക്ഷത വഹിച്ചു. സി.എഫ്‌.തോമസ്‌ എംഎല്‍എ, സ്വാമി ധര്‍മചൈതന്യ, അഡ്വ.പി.രവീന്ദ്രനാഥ്‌, മുഹമ്മദ്‌ അമീന്‍ ഹസനി, സാംസണ്‍ വലിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.