Saturday, September 18, 2010

മദ്യനയത്തിനെതിരേ ജനസഹസ്ര സത്യഗ്രഹം ഇന്നു പാലായില്‍

സര്‍ക്കാര്‍ തുടരുന്ന മദ്യനയങ്ങള്‍ക്കെതിരേ കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റിയുടെയും മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കമ്മിറ്റിയുടെയും സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പ്രക്ഷോഭ പരിപാടികള്‍ക്കു ഇന്നു പാലായില്‍ ജനസഹസ്ര സത്യഗ്രഹത്തോടെ തുടക്കമാകും. 27 പേരുടെ ജീവഹാനിക്കും അതിലേറെ പേരുടെ അംഗവൈകല്യത്തിനും ഇടയാക്കിയ മദ്യദുരന്തമുണ്ടായിട്ടും യഥേഷ്ടം വ്യാജകള്ളു വില്‍ക്കുന്ന കള്ളുഷാപ്പുകള്‍ മുഴുവന്‍ അടച്ചുപൂട്ടുക, മദ്യദുരന്തത്തിനു മുഖ്യകാരണക്കാരനായ എക്സൈസ്‌ മന്ത്രി രാജിവച്ച്‌ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ്‌ പ്രക്ഷോഭ സമരത്തിനു തുടക്കം കുറിക്കുന്നതെന്നു മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ്‌ കുരുവിള അറിയിച്ചു. പുതിയ മദ്യശാലകള്‍ അനുവദിക്കാതിരിക്കുക, ഇടതുസര്‍ക്കാര്‍ അനുവദിച്ച മുഴുവന്‍ മദ്യശാലകളും നിര്‍ത്തല്‍ ചെയ്യുക, കാലഹരണപ്പെട്ട ബാര്‍ ലൈസന്‍സുകള്‍ പുതുക്കി നല്‍കിയതു പിന്‍വലിക്കുക, എക്സൈസ്‌ ഉദ്യോഗസ്ഥരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ പ്രത്യേക സ്ക്വാഡിനെ നിയോഗിക്കുക, പഞ്ചായത്തിരാജ്‌ 232, 447 വകുപ്പുകള്‍ പുന:സ്ഥാപിക്കുക, ഘട്ടം ഘട്ടമായി മദ്യനിരോധനം ഏര്‍പ്പെടുത്തുക, മദ്യദുരന്തത്തിലെ മുഴുവന്‍ പ്രതികളെയും വെളിച്ചത്തു കൊണ്ടുവരിക, മദ്യശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സമയം കുറയ്ക്കുക, മദ്യവിരുദ്ധ ബോധവല്‍ക്കരണം ആരോഗ്യവകുപ്പിലൂടെ സന്നദ്ധസംഘടനകളെ ഏല്‍പ്പിക്കുക എന്നിവയാണു മറ്റ്‌ ആവശ്യങ്ങള്‍. ഇന്നു രണ്ടരയ്ക്കു പാലാ സാന്തോം കോംപ്ളക്സ്‌ അങ്കണത്തില്‍ നടക്കുന്ന സത്യഗ്രഹ പരിപാടിയില്‍ കെസിബിസി പ്രസിഡണ്റ്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്യോസ്‌, മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ ഡോ.സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍, പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌, ബിഷപ്‌ റവ. തോമസ്‌ സാമുവല്‍, ബിഷപ്‌ ഡോ. സാം മാത്യു, സൈനുള്‍ ആബിദിന്‍ മൌലവി, ഫാ. പോള്‍ കാരാച്ചിറ, ഫാ.തോമസ്‌ തൈത്തോട്ടം, റവ.എം.ടി. തര്യന്‍, ഫാ.ടി.ജെ. ആണ്റ്റണി, പ്രസാദ്‌ കുരുവിള, ഫാ. മാത്യു ചന്ദ്രന്‍കുന്നേല്‍, ഫാ. ജേക്കബ്‌ വെള്ളമരുതുങ്കല്‍, ഇയച്ചേരി കുഞ്ഞുകൃഷ്ണന്‍ മാസ്റ്റര്‍, ഡോ.സിറിയക്‌, യോഹന്നാന്‍ ആണ്റ്റണി എന്നിവര്‍ പ്രസംഗിക്കും. പാലാ രൂപതാ കെസിബിസി മദ്യവിരുദ്ധ സമിതി പരിപാടികള്‍ക്ക്‌ ആതിഥേയത്വം വഹിക്കും. നായനാര്‍ സര്‍ക്കാരിണ്റ്റെ കാലത്ത്‌ 1998ല്‍ സംസ്ഥാനത്തുടനീളം മദ്യശാലകള്‍ അനുവദിക്കാനുള്ള തീരുമാനത്തിനെതിരേ വിവിധ സാമുദായിക നേതാക്കളും മദ്യവിരുദ്ധ പ്രസ്ഥാനങ്ങളും പാലാ ബിഷപ്സ്‌ ഹൌസില്‍ ചേര്‍ന്നു മുന്നണി രൂപീകരിച്ചു ശക്തമായ ജനമുന്നേറ്റത്തിനു തുടക്കമിട്ടതിനാല്‍ തീരുമാനം പിന്‍വലിപ്പിച്ചത്‌ അനുസ്മരിച്ചാണു പാലായില്‍നിന്നുതന്നെ ശക്തമായ പ്രക്ഷോഭ സമരപരിപാടികള്‍ക്കു തുടക്കം കുറിക്കുന്നതെന്നും പ്രസാദ്‌ കുരുവിള പറഞ്ഞു.