Monday, September 20, 2010

ഈശ്വരവിശ്വാസവും ധാര്‍മിക മൂല്യങ്ങളും പകര്‍ന്നുനല്‍കാന്‍ കലകള്‍ക്ക്‌ കഴിയണം: മാര്‍ തോമസ്‌ ചക്യത്ത്‌

ഈശ്വരവിശ്വാസവും ധാര്‍മിക മൂല്യങ്ങളും പകര്‍ന്നു നല്‍കാന്‍ കലകള്‍ക്ക്‌ കഴിയണമെന്ന്‌ കെസിബിസി മാധ്യമ കമ്മീഷന്‍ ചെയര്‍മാനും എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാനുമായ മാര്‍ തോമസ്‌ ചക്യത്ത്‌. പാലാരിവട്ടം പിഒസിയില്‍ കെസിബിസി മാധ്യമ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 23-ാം അഖിലകേരള പ്രഫഷണല്‍ നാടകമത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലകളിലൂടെ ധാര്‍മികമൂല്യങ്ങളും ദൈവികതയും പകര്‍ന്നു നല്‍കാന്‍ മുന്‍തലമുറയ്ക്ക്‌ കഴിഞ്ഞിരുന്നു. കലയിലൂടെ സാമൂഹിക ഭദ്രത കൈവരിക്കാന്‍ പഴയസമൂഹത്തിന്‌ കഴിഞ്ഞിട്ടുണ്ട്‌. എന്നാല്‍ ഇന്നത്തെ തലമുറയ്ക്ക്‌ അത്‌ സാധിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങള്‍ പോലും കഥയറിയാതെ പല കാര്യങ്ങളും ആഘോഷിക്കുകയാണ്‌. നാഥനില്ലാകളരി പോലെ നമ്മുടെ സമൂഹം മാറിയിരിക്കുകയാണ്‌. മതങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍വരെ ഇപ്പോള്‍ നടക്കുന്നുണ്ട്‌.കെസിബിസി നാടകോത്സവം നടത്തുന്നത്‌ കഥകളിലൂടെ മൂല്യങ്ങള്‍ കൈമാറാന്‍ കഴിയുക എന്ന ലക്ഷ്യത്തോടെയാണെന്നും ഇതിലൂടെ സമൂഹത്തില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്താന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ പിഒസി ഡയറക്ടര്‍ റവ.ഡോ.സ്റ്റീഫന്‍ ആലത്തറ അധ്യക്ഷനായിരുന്നു. കുട്ടിസ്രാങ്ക്‌ എന്നി സിനിമയുടെ തിരക്കഥയിലൂടെ ദേശീയ അവാര്‍ഡ്‌ ജേതാവായ പ്രമുഖ ചെറുകഥാകൃത്ത്‌ പി.എഫ്‌ മാത്യൂസിനെ ചടങ്ങില്‍ ആദരിച്ചു. കെസിബിസി മീഡിയ കമ്മീഷന്‍ സെക്രട്ടറി ഫാ.ജോസഫ്‌ നിക്കോളാസ്‌, തിരക്കഥാകൃത്ത്‌ ജോണ്‍ പോള്‍, ഫാ.ജോണി കൊച്ചുപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന്‌ മേളയിലെ ആദ്യനാടകം ആലപ്പുഴ സിന്ധുഗംഗയുടെ 'കഥയറിയാതെ' അരങ്ങേറി.