Monday, September 20, 2010

മദ്യം സകല തിന്‍മകളുടെയും ഉറവിടം: ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌

മദ്യമാണ്‌ സകല തിന്‍മകളുടെയും ഉറവിടമെന്നും മദ്യനിരോധനത്തിനു ഭരണ-പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവരില്ലെന്നും കെസിബിസി പ്രസിഡണ്റ്റ്‌ ബിഷപ്‌ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്‌ പറഞ്ഞു. മദ്യദുരന്ത നയങ്ങള്‍ക്കെതിരേ കെസിബിസി മദ്യവിരുദ്ധസമിതി, മദ്യവിരുദ്ധ ജനകീയ മുന്നണി സംസ്ഥാന കമ്മിറ്റികളുടെ നേതൃത്വത്തില്‍ പാലായില്‍ നടത്തിയ ജനസഹസ്ര സത്യഗ്രഹം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്‌. മനുഷ്യസമൂഹത്തിണ്റ്റെ സമഗ്ര വിമോചനവും വികസനവുമാകണം ലക്ഷ്യം. പ്രതിസന്ധികളെ അഭിമുഖീകരിക്കുക നമ്മുടെ കടമയാണ്‌. ദൈവത്തെ മുന്‍നിര്‍ത്തി ജീവിക്കണം. ജീവനു നിലയും വിലയും കൊടുക്കാത്ത ഭരണമാണു നടക്കുന്നത്‌ -ബിഷപ്‌ പറഞ്ഞു. മനുഷ്യത്വത്തിനും വ്യക്തിത്വത്തിനും വിലകല്‍പ്പിച്ച്‌ മനുഷ്യനു സുരക്ഷിത്വം നല്‍കാന്‍ അധികാരികള്‍ തയാറാകണമെന്നും മനുഷ്യമഹത്വത്തിന്‌ വില കല്‍പ്പിക്കുന്നവര്‍ മാത്രം നമ്മെ ഭരിച്ചാല്‍ മതിയെന്നും അധ്യക്ഷ പ്രസംഗത്തില്‍ ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍ പറഞ്ഞു. മദ്യവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഇനി ധര്‍ണയും സമരവും റാലിയുമില്ലെന്നും വ്യക്തമായ നയത്തിനായുള്ള കര്‍മപദ്ധതിയാണുള്ളതെന്നും എക്സൈസ്‌ മന്ത്രി നിസഹായവസ്ഥയിലാണെന്നും ബിഷപ്‌ കൂട്ടിച്ചേര്‍ത്തു.മദ്യംവഴി ദൈവഗ്രഹണവും ജീവഗ്രഹണവുമാണ്‌ സംഭവിക്കുന്നതെന്നും ഇതു നിര്‍ഭാഗ്യകരമാണെന്നും മുഖ്യപ്രഭാഷണത്തില്‍ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ പറഞ്ഞു. മദ്യത്തിന്‌ അടിമപ്പെട്ടുപോയ ദാസ്യഭരണമാണു നടക്കുന്നതെന്നും സാത്താനില്ലാത്ത പറുദീസ വേണമെന്നും ബിഷപ്‌ ഓര്‍മിപ്പിച്ചു. പ്രകാശത്തിണ്റ്റെ ശക്തിക്കു മാത്രമേ അന്ധകാരത്തിണ്റ്റെ ശക്തികളെ നേരിടാനാവൂ എന്ന യാഥാര്‍ഥ്യബോധം മദ്യവിരുദ്ധ പ്രവര്‍ത്തനമേഖലയില്‍ നഷ്ടപ്പെടരുതെന്നും മദ്യം ശക്തിയും പണവും അധികാരവുമാണെന്ന സംസ്കാരം മാറ്റാന്‍ കരുത്തുണ്ടാകണമെന്നും അനുഗ്രഹപ്രഭാഷണത്തില്‍ ദീപിക ചീഫ്‌ എഡിറ്റര്‍ ഫാ. അലക്സാണ്ടര്‍ സിഎംഐ പറഞ്ഞു. മദ്യവിരുദ്ധസമരത്തില്‍ മനസിണ്റ്റെ കരുത്താണു പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.