Thursday, September 2, 2010

ഇഷ്ടമുള്ള ഫീസ്‌ വാങ്ങി പഠിപ്പിക്കലല്ല സാമൂഹ്യനീതി: മാര്‍ ജോസഫ്‌ പവ്വത്തില്‍

മെറിറ്റ്‌ അനുസരിച്ച്‌ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുന്നതും പാവപ്പെട്ട യോഗ്യരായ വിദ്യാര്‍ഥികളെ സ്കോളര്‍ഷിപ്പ്‌ നല്‍കി പഠിപ്പിക്കുന്നതുമാണ്‌ സ്വാശ്രയരംഗത്തെ സാമൂഹിക നീതിയെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ചുബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അല്ലാതെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന, കോച്ചിംഗിലൂടെ മെറിറ്റു ലിസ്റ്റില്‍ വരുന്ന, നല്ല പങ്കും സമ്പന്നരായവരെ സൌജന്യമായി പഠിപ്പിക്കുന്നതിനുവേണ്ടി മറ്റ്‌ ൫൦ ശതമാനം സീറ്റുകളില്‍ ഇഷ്ടമുള്ള വിദ്യാര്‍ഥികളെ ഇഷ്ടമുള്ള ഫീസ്‌ വാങ്ങി പഠിപ്പിക്കലല്ല സാമൂഹികനീതി. പ്രത്യേകിച്ചും കലാലയങ്ങള്‍ സ്ഥാപിച്ചു നടത്തുന്ന മാനേജ്മെണ്റ്റു വിഭാഗത്തില്‍പ്പെട്ട കുട്ടികള്‍ വലിയ ഫീസു നല്‍കി മറ്റുള്ളവരെയും പഠിപ്പിച്ചാലേ നീതിയാകൂ എന്നതില്‍ എന്തുയുക്തിയാണുള്ളതെന്ന്‌ അദ്ദേഹം ചോദിച്ചു. കോടതികള്‍ നിരന്തരമായി ചൂണ്ടിക്കാട്ടുന്ന ഇക്കാര്യങ്ങള്‍ അവഗണിച്ചതാണ്‌ ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്കു കാരണം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ അവര്‍ ഗവണ്‍മെണ്റ്റുകോളജിലോ സ്വാശ്രയ സ്ഥാപനങ്ങളിലോ എവിടെ പഠിച്ചാലും സാമ്പത്തിക പിന്തുണ നല്‍കാന്‍ സര്‍ക്കാരിനു കടമയുണ്ട്‌. ക്രൈസ്തവകോളജുമാനേജ്മെണ്റ്റുകള്‍ ഇപ്പോള്‍തന്നെ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ നിശ്ചിത ശതമാനം സ്കോളര്‍ഷിപ്പ്‌ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. ഓരോ വിഭാഗത്തിലും മെറിറ്റ്‌ അനുസരിച്ചു മാത്രം വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കുകയും എല്ലാവര്‍ക്കും ന്യായമായ ഒരേഫീസ്‌ ഏര്‍പ്പെടുത്തി പാവപ്പെട്ടവര്‍ക്ക്‌ സാമ്പത്തിക പിന്തുണ നല്‍കുന്ന രീതിയാണ്‌ ഇണ്റ്റര്‍ ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ അനുവര്‍ത്തിക്കുന്നതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.