Tuesday, September 28, 2010

മുഹമ്മദ്‌ കമ്മിറ്റിയുടെ നീക്കം ദുരുദ്ദേശ്യപരം: ജോര്‍ജ്‌ പോള്‍

നാലു സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ പ്രവേശന നടപടികള്‍ സുതാര്യമല്ലെന്ന മുഹമ്മദ്‌ കമ്മിറ്റിയുടെ വിലയിരുത്തല്‍ ദുരുദ്ദേശ്യപരമാണെന്ന്‌ കേരള ക്രിസ്ത്യന്‍ പ്രഫഷണല്‍ കോളജ്‌ മാനേജ്മെണ്റ്റ്സ്‌ ഫെഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ജോര്‍ജ്‌ എസ്‌. പോള്‍ പറഞ്ഞു. ഈ കോളജുകളിലെ പ്രവേശന നടപടികളെക്കുറിച്ച്‌ നാലു കാര്യങ്ങളില്‍ കമ്മിറ്റി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പത്തു ദിവസത്തിനകം മറുപടി നല്‍കണമെന്നാണ്‌ ആവശ്യപ്പെട്ടത്‌. അതിനുമുമ്പു തന്നെ ഈ വിഷയം പൊതുചര്‍ച്ചയ്ക്കു വിധേയമാക്കുന്നതില്‍ ദുരൂഹതയുണ്ട്‌. ക്രിസ്ത്യന്‍ മാനേജ്മെണ്റ്റുകള്‍ക്കെതിരേ കരുതിക്കൂട്ടിയുള്ള നീക്കമാണു മുഹമ്മദ്‌ കമ്മിറ്റി നടത്തുന്നത്‌. മൂന്നു വര്‍ഷമായി ഈ കോളജുകളിലെ പ്രവേശന നടപടികളെക്കുറിച്ച്‌ മുഹമ്മദ്‌ കമ്മിറ്റി ഒരാക്ഷേപവും ഉന്നയിച്ചിട്ടില്ല. ഇത്തവണത്തെ പ്രവേശനനടപടികളെക്കുറിച്ചുള്ള പ്രോസ്പെക്ടസും മറ്റു വിശദാംശങ്ങളും അതതു സമയത്ത്‌ കമ്മിറ്റി മുമ്പാകെ അറിയിച്ചുവന്നതുമാണ്‌. ഇപ്പോഴത്തെ അനാവശ്യമായ പ്രസ്താവനയിലൂടെ മുഹമ്മദ്‌ കമ്മിറ്റിയുടെ വിശ്വാസ്യതയാണ്‌ ചോദ്യം ചെയ്യപ്പെടുന്നതെന്നും ജോര്‍ജ്‌ എസ്‌. പോള്‍ പ്രതികരിച്ചു