Friday, September 24, 2010

ഭരണപരാജയം മറയ്ക്കാന്‍ സഭയ്ക്കു നേരേ വാളോങ്ങേണ്ട: അല്‍മായ കമ്മീഷന്‍

ക്രൈസ്തവസഭാ പ്രവര്‍ത്തനങ്ങളില്‍ അനാവശ്യ ഇടപെടലുകള്‍ നടത്താനുള്ള നിരീശ്വര പ്രസ്ഥാനങ്ങളുടെയും സഭാവിരുദ്ധരുടെയും കുത്സിതശ്രമങ്ങള്‍ വിലപ്പോവില്ലെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍. ക്രൈസ്തവ സഭയെ ആക്ഷേപിച്ചും സഭാധ്യക്ഷന്‍മാരെയും വിശ്വാസി സമൂഹത്തെയും അവഹേളിച്ചും രാഷ്ട്രീയ നേട്ടങ്ങള്‍ കൊയ്യാമെന്ന്‌ ആരും സ്വപ്നം കാണേണ്ട. മദ്യദുരന്തത്തില്‍ സാധാരണക്കാര്‍ മരിച്ചുവീണപ്പോഴും ലോട്ടറി തട്ടിപ്പിലൂടെ കോടികളുടെ അഴിമതിയില്‍ മുങ്ങിക്കുളിച്ചപ്പോഴും വിലക്കയറ്റവും കൊലപാതകവും ജനജീവിതം ദുരിതമാക്കുമ്പോഴും മാളങ്ങളിലൊളിക്കുന്നവര്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന്‌ ഒളിച്ചോടാന്‍ സഭയ്ക്കെതിരേ നടത്തുന്ന ജല്‍പനങ്ങള്‍ പൊതുസമൂഹം പുച്ഛിച്ചുതള്ളുമെന്ന്‌ അല്‍മായകമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ പറഞ്ഞു. തീവ്രവാദ, നിരീശ്വര പ്രസ്ഥാനങ്ങള്‍ക്കും മനുഷ്യജീവനു വിലകല്‍പ്പിക്കാത്ത മരണ സംസ്കാരത്തിണ്റ്റെ വക്താക്കള്‍ക്കുമെതിരേയുള്ള സഭാ നിലപാട്‌ എക്കാലത്തും ഉറച്ചതും പ്രഖ്യാപിതവുമാണ്‌. ഭരണത്തിലേറാന്‍ അവസരവാദ കൂട്ടുകെട്ടുകളുണ്ടാക്കുകയും നാട്ടില്‍ ഭീകരവാദികളെയും തീവ്രവാദ പ്രസ്ഥാനങ്ങളെയും വളര്‍ത്തിയെടുക്കുകയും ചെയ്യുന്നവര്‍ക്കു മതമൈത്രിയും രാജ്യത്തിണ്റ്റെ നന്‍മയും ഐക്യവും കാത്തുസൂക്ഷിക്കുന്ന ആഗോള സാന്നിധ്യമായ ക്രൈസ്തവ സഭയ്ക്കുനേരേവിരല്‍ ചൂണ്ടാന്‍ അര്‍ഹതയില്ലെന്നു കമ്മീഷന്‍ സെക്രട്ടറി ഓര്‍മിപ്പിച്ചു.