Saturday, September 25, 2010

ലോഗോസ്‌ ബൈബിള്‍ ക്വിസ്‌ ഇന്ന്‌; അഞ്ചുലക്ഷത്തോളം പേര്‍ ഒരേസമയം പരീക്ഷയെഴുതും

മുപ്പത്തിയൊന്നു കത്തോലിക്കാ രൂപതകളെ പങ്കെടുപ്പിച്ചു സംഘടിപ്പിക്കുന്ന പതിനൊന്നാമതു ലോഗോസ്‌ ബൈബിള്‍ ക്വിസ്‌ ഇന്ന്‌ 3,360 കേന്ദ്രങ്ങളില്‍ ഒരേ സമയത്തു നടക്കുന്ന മത്സരത്തില്‍ 4,83,170 പേര്‍ പങ്കെടുക്കും. കെസിബിസി ബൈബിള്‍ കമ്മീഷനും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയും സംയുക്തമായാണ്‌ ലോഗോസ്‌ ക്വിസ്‌ സംഘടിപ്പിക്കുന്നത്‌. കേരളത്തിലെ മുപ്പതു രൂപതകള്‍ക്കു പുറമേ തമിഴ്നാട്ടിലെ രാമനാഥപുരവും ലോഗോസ്‌ ക്വിസില്‍ പങ്കെടുക്കും. എല്ലാ കേന്ദ്രങ്ങളിലും ഉച്ചയ്ക്കു രണ്ടു മുതല്‍ മൂന്നര വരെയാണു പരീക്ഷ. പുറപ്പാട്‌ 1-15, വി. മത്തായി 1-14, വി. യാക്കോബ്‌ എഴുതിയ ലേഖനം എന്നിവയാണ്‌ ഈ വര്‍ഷത്തെ മത്സരത്തിനുള്ള ബൈബിള്‍ ഭാഗങ്ങള്‍. മലയാളത്തിലും ഇംഗ്ളീഷിലും പരീക്ഷയെഴുതാന്‍ അവസരമുണ്ട്‌. പ്രായത്തെ അടിസ്ഥാനമാക്കി അഞ്ചു വിഭാഗങ്ങളിലായാണ്‌ മത്സരം. രൂപതാ തലങ്ങളില്‍ ഓരോ വിഭാഗത്തിലെയും ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ നവംബര്‍ 28ന്‌ പിഒസിയില്‍ നടക്കുന്ന സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കും. വിവിധ വിഭാഗങ്ങളിലായി 465 പേരാണ്‌ സംസ്ഥാനതലത്തില്‍ മത്സരിക്കുന്നത്‌. സംസ്ഥാനതലത്തിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്കു യഥാക്രമം 3,൦൦൦, 2,൦൦൦, 1,൦൦൦ രൂപയും സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റും ലഭിക്കും. ഓരോ പ്രായവിഭാഗത്തിനും പ്രത്യേക സമ്മാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്‌. രൂപത, ഇടവക തലങ്ങളിലും വിജയികള്‍ക്കു പ്രത്യേകം സമ്മാനങ്ങളുണ്ട്‌. 8൦ ശതമാനത്തിലധികം മാര്‍ക്കു നേടുന്ന എല്ലാവര്‍ക്കും കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെ സര്‍ട്ടിഫിക്കറ്റു ലഭിക്കും. മുന്‍ വര്‍ഷത്തേക്കാള്‍ പരീക്ഷയെഴുതുന്നവരുടെ എണ്ണത്തില്‍ 45,൦൦൦ പേരുടെ വര്‍ധനയുണ്ട്‌. ഏറ്റവുമധികം പേര്‍ പരീക്ഷയെഴുതുന്നത്‌ എറണാകുളം-അങ്കമാലി അതിരൂപതയിലാണ്‌. 31൦ കേന്ദ്രങ്ങളിലായി 63,359പേരാണ്‌ ഇവിടെ പരീക്ഷയെഴുതുന്നത്‌. തൃശൂറ്‍, പാലാ രൂപതകള്‍ക്കാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങള്‍. രണ്ടായിരത്തിലാണ്‌ ലോഗോസ്‌ ബൈബിള്‍ ക്വിസ്‌ ആരംഭിക്കുന്നത്‌. 1,24,൦൦൦ പേരാണ്‌ അന്നു പരീക്ഷയെഴുതിയത്‌. 4,38,827 പേര്‍ കഴിഞ്ഞ വര്‍ഷത്തെ ലോഗോസ്‌ ക്വിസില്‍ പങ്കെടുത്തു. ഈ വര്‍ഷത്തെ മത്സരത്തിണ്റ്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയും ലോഗോസ്‌ ക്വിസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്ററുമായ റവ.ഡോ.ജോഷി മയ്യാറ്റില്‍ അറിയിച്ചു.