Monday, September 13, 2010

കുടുംബങ്ങള്‍ മൂല്യങ്ങളുടെ വിളനിലം: മാര്‍ മാത്യു മൂലക്കാട്ട്‌

കുടുംബങ്ങളാണ്‌ മൂല്യങ്ങളുടെ വിളനിലമെന്നും ജീവിതമാതൃക കൊണ്ടും ജീവിത വിശുദ്ധി കൊണ്ടും മാതാപിതാക്കള്‍ മാതൃകയാകണമെന്നും കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌. കോട്ടയം അതിരൂപത ശതാബ്ദിയോടനുബന്ധിച്ചു കിടങ്ങൂറ്‍ സെണ്റ്റ്‌ മേരീസ്‌ ഫൊറോന പള്ളിയില്‍ പിതൃദിനാഘോഷ പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മുന്‍തലമുറയില്‍നിന്നു പകര്‍ന്നുകിട്ടിയ വിശ്വാസവും സമുദായ പൈതൃകവും നിലനിര്‍ത്തുന്നതിനു പിതാക്കന്‍മാര്‍ നല്‍കുന്ന സേവനങ്ങള്‍ മഹത്തരമാണ്‌. അടിയുറച്ച ക്രൈസ്തവ വിശ്വാസമാണ്‌ എല്ലാ പുരോഗതിയുടെയും അടിസ്ഥാനം. എന്നാല്‍ ഇപ്പോള്‍ കുടുംബങ്ങളില്‍ മൂല്യങ്ങള്‍ നഷ്ടമായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റീസ്‌ പയസ്‌ കുര്യാക്കോസ്‌ ഉദ്ഘാടനം ചെയ്തു. പിതൃസ്മരണയും പിതൃഭക്തിയും നിത്യേന ചെയ്യേണ്ട കാര്യമാണെന്ന്‌ അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. രൂപതയിലെ 90 വയസു കഴിഞ്ഞ പിതാക്കന്‍മാരെ കോട്ടയം അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ആദരിച്ചു. കെ.എം. മാണി എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. നൂറു വയസുകഴിഞ്ഞവരെ ചലച്ചിത്രനടന്‍ ലാലു അലക്സ്‌ ആദരിച്ചു. ക്നാനായ കത്തോലിക്ക കോണ്‍ഗ്രസ്‌ പ്രസിഡണ്റ്റ്‌ പ്രഫ. ജോയി മുപ്രാപ്പള്ളില്‍, ഫാ. ജേക്കബ്‌ മുല്ലൂറ്‍, ഫാ. ജേക്കബ്‌ വാലേല്‍, ബാബു പൂഴിക്കുന്നേല്‍, തോമസ്‌ ചാഴികാടന്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു.