Tuesday, September 7, 2010

അല്‍മായര്‍ സഭയുടെ നട്ടെല്ല്‌: മാര്‍ ബോസ്കോ പുത്തൂറ്‍

ചരിത്രത്തില്‍ നിന്നു ഭാവിയിലേക്കുള്ള പാഠം പഠിക്കാനും ചരിത്രത്തെ ആദരിക്കാനും കഴിയുന്ന അല്‍മായര്‍ ക്രൈസ്തവ സഭയുടെ നട്ടെല്ലാണെന്നു സീറോ മലബാര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ കൂരിയ ബിഷപ്‌ മാര്‍ ബോസ്കോ പുത്തൂറ്‍ അഭിപ്രായപ്പെട്ടു. ഉദയംപേരൂറ്‍ സുനഹദോസ്‌ പള്ളിയുടെ 1500-ാം വാര്‍ഷിക പരിപാടികളോടനുബന്ധിച്ച്‌ നടത്തിയ ചരിത്ര സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മേളനത്തില്‍ വികാരി ഫാ. പോള്‍ കാരാത്തുരുത്തേല്‍ അധ്യക്ഷത വഹിച്ചു. സത്യദീപം എഡിറ്റര്‍ ഫാ. കുര്യാക്കോസ്‌ മുണ്ടാടന്‍ ആമുഖ പ്രഭാഷണം നടത്തി. ഫാ. തോമസ്‌ കണ്ടത്തില്‍ കോര്‍ എപ്പിസ്കോപ്പ പ്രസംഗിച്ചു. പ്രഫ. ജോര്‍ജ്‌ മേനച്ചേരി, ഡോ. സ്കറിയ സക്കറിയ എന്നിവര്‍ ഉദയംപേരൂരിണ്റ്റെ ചരിത്രം, ഉദയംപേരൂറ്‍ സൂനഹദോസ്‌ എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കത്തോലിക്ക സഭ തണ്റ്റെ വീക്ഷണത്തില്‍ എന്ന വിഷയത്തില്‍ കാലടി സര്‍കലാശാല മുന്‍ വൈസ്‌ ചാന്‍സലര്‍ ഡോ. കെ.എസ്‌ രാധാകൃഷ്ണന്‍, അസി. സോളിസിറ്റര്‍ ജനറല്‍ അഡ്വ. ടി.പി.എം. ഇബ്രാഹിംഖാന്‍ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തി. ചോദ്യോത്തര വേളയില്‍ സീറോ മലബാര്‍ സഭ വക്താവ്‌ റവ. ഡോ. പോള്‍ തേലക്കാട്ട്‌ മോഡറേറ്ററായിരുന്നു. യോഗത്തില്‍ എ.കെ. ജോസ്‌, എ.വി. ഫ്രാന്‍സിസ്‌, മാര്‍ട്ടിന്‍ റോയ്‌, പ്രവീണ്‍ ജോസഫ്‌ എന്നിവര്‍ പ്രസംഗിച്ചു.