Thursday, September 9, 2010

മദ്യനിരോധനം: പുതിയ പ്രതിരോധം വേണം- ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ. സൂസപാക്യം

സംസ്ഥാനത്ത്‌ തഴച്ചു വളരുന്ന മദ്യലോബിയെ തളയ്ക്കാന്‍ പുതിയ പ്രതിരോധമാര്‍ഗങ്ങള്‍ ആവിഷ്കരിക്കണമെന്ന്‌ ആര്‍ച്ച്‌ ബിഷപ്പ്‌ ഡോ.എം.സുസപാക്യം. നിവേദനങ്ങളും ധര്‍ണകളും ഫലം ചെയ്യുന്നില്ല. അതെല്ലാം അധികാരികള്‍ തന്ത്രപൂര്‍വം മറികടക്കുന്നതാണ്‌ അനുഭവമെന്ന്‌ അദ്ദേഹം പറഞ്ഞു. ട്രിവാന്‍ഡ്രം സോഷ്യല്‍ സര്‍വീസ്‌ സൊസൈറ്റി, കെ.സി.വൈ.എം, രൂപതയുടെ കീഴിലുള്ള മദ്യവര്‍ജക സമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ രക്തസാക്ഷിമണ്ഡപത്തില്‍ സംഘടിപ്പിച്ച മദ്യവിരുദ്ധ ധര്‍ണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കേരളം മദ്യത്തില്‍ മുങ്ങിത്താഴുകയാണ്‌. അതിണ്റ്റെ ഉത്തരവാദിത്വത്തില്‍ നിന്ന്‌ ആര്‍ക്കും ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. മദ്യത്തിനെതിരെ ഇടക്കാലത്ത്‌ സജീവമായരുന്ന പ്രതിരോധങ്ങള്‍ പോലും ദുര്‍ബലമായിരിക്കുന്നു. വര്‍ഷങ്ങളായിട്ടും പുനലൂറ്‍, കല്ലുവാതുക്കല്‍ മദ്യദുരന്തകേസുകള്‍ കോടതിയില്‍ വിചാരണയിലാണ്‌. യഥാര്‍ഥ കുറ്റവാളികള്‍ രക്ഷപ്പെടുകയാണ്‌. അവര്‍ സമൂഹത്തില്‍ സ്വതന്ത്രമായി വിലസുന്നു. സര്‍ക്കാരിന്‌ മദ്യംകൊണ്ടുവരുന്ന പണത്തിലാണ്‌ കണ്ണ്‌. അയ്യായിരം കോടിരൂപയിലധികമാണ്‌ സര്‍ക്കാരിന്‌ മദ്യത്തില്‍ നിന്ന്‌ ലഭിക്കുന്നത്‌. അതുകൊണ്ടുതന്നെ സര്‍ക്കാരിണ്റ്റെ ഭാഗത്തു നിന്ന്‌ ഇക്കാര്യത്തില്‍ വാഗ്ദാനങ്ങള്‍ മാത്രമേ ഉണ്ടാവുന്നുള്ളു. ഇപ്പോള്‍ നടന്ന മദ്യദുരന്തത്തിണ്റ്റെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത്‌ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇച്ഛാശക്തയും മനോബലവും ഉള്ളൊരു പുതിയ പ്രതിരോധത്തിനു മാത്രമേ മദ്യലോബിയില്‍ നിന്ന്‌ കേരളത്തെ രക്ഷിക്കാന്‍ കഴിയുകയുള്ളു. മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും എക്സൈസ്‌ മന്ത്രിയും ഒരേസ്വരത്തിലാണ്‌ ദുരന്തത്തെക്കുറിച്ച്‌ സംസാരിക്കുന്നത്‌. അപ്പോഴും വൈപ്പിന്‍, പുനലൂറ്‍, കല്ലുകാതുക്കല്‍, മലപ്പുറം എന്ന മട്ടില്‍ ദുരന്തങ്ങള്‍ ആവര്‍ത്തിക്കുകയാണെന്ന്‌ അദ്ദേഹം പറഞ്ഞു. മലപ്പുറം മദ്യദുരന്തം ആസൂത്രിത മനുഷ്യക്കുരുതിയാണെന്ന്‌ കവയത്രി സുഗതകുമാരി പറഞ്ഞു. ഇത്തരം ദുരന്തങ്ങളുടെ ശിക്ഷ അനുഭവിക്കുന്നത്‌ പാവപ്പെട്ട സ്ത്രീകളും കുട്ടികളുമാണ്‌. ഇവരുടെ രക്ഷ ഒരു സര്‍ക്കാരിണ്റ്റേയും അജണ്ടയിലില്ല. ഈ അവസ്ഥ വിലപിക്കുവാനുള്ളതല്ല. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ളതാണെന്ന്‌ അവര്‍ ഓര്‍മിപ്പിച്ചു. ചടങ്ങില്‍ ലത്തീന്‍ അതിരൂപത വികാരി ജനറല്‍ മോണ്‍.യൂജിന്‍ എച്‌. പെരേര പാളയം സെണ്റ്റ്‌ ജോസഫ്സ്‌ കത്തീഡ്രല്‍ വികാരി ഫാ.സി. ജോസഫ്‌, ഫാ.സബാസ്‌ ഇഗ്നേഷ്യസ്‌, ഫാ.സണ്ണി, തിരുവനന്തപുരം അതിരൂപത കെ.എല്‍.സി.എ പ്രസിഡണ്റ്റ്‌ കണ്ണാന്തുറ പി.സ്റ്റെല്ലസ്‌, എഫ്‌.എം.ലാസര്‍, ഫാ.അലക്സാണ്ടര്‍ കുരീക്കാട്ട്‌, കാട്ടായിക്കോണം ശശിധരന്‍, ദീപക്ചേര്‍ക്കാട്‌, ജി.സദാനന്ദന്‍, നാരായണന്‍തമ്പി, ഇലിപ്പോട്ട്കോണം ജയന്‍, ഷൌക്കത്തലി എന്നിവര്‍ പ്രസംഗിച്ചു.