Saturday, October 2, 2010

കോട്ടയം അതിരൂപതയുടെ സാമൂഹ്യ വികസന പദ്ധതികള്‍ പ്രശംസനീയം: പ്രഫ.കെ.വി. തോമസ്‌

നാനാജാതി മതസ്തരുടെ സമഗ്ര പുരോഗതി ലക്ഷ്യമാക്കി കോട്ടയം അതിരൂപത ശതാബ്ദിവര്‍ഷത്തില്‍ നടപ്പിലാക്കുന്ന സാമൂഹ്യ വികസന പദ്ധതികള്‍ അനുകരണീയമെന്ന്‌ കേന്ദ്ര സഹമന്ത്രി പ്രഫ.കെ.വി. തോമസ്‌. കോട്ടയം അതിരൂപത ശതാബ്ദിവര്‍ഷത്തില്‍ അതിരൂപത ശതാബ്ദി സാമൂഹ്യ വികസന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന വിവിധ വികസന പദ്ധതികളുടെ ഉദ്ഘാടനം ചൈതന്യ പാസ്റ്ററല്‍ സെണ്റ്ററില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്‌ അധ്യക്ഷതവഹിച്ചു. വിവിധ മേഖലകളില്‍ ഊന്നല്‍ നല്‍കിക്കൊണ്ട്‌ എല്ലാവരുടെയും സമഗ്ര പുരോഗതി ലക്ഷ്യമാക്കിയുള്ള വികസനപ്രവര്‍ത്തനങ്ങളാണ്‌ ശതാബ്ദിവര്‍ഷത്തില്‍ അതിരൂപത നടപ്പിലാക്കുന്നതെന്ന്‌ ആര്‍ച്ച്ബിഷപ്‌ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. സമ്മേളനത്തില്‍ സ്വാശ്രയവീട്‌ ഭവനനിര്‍മാണ വിഭവ സമാഹരണ കൂപ്പണിണ്റ്റെ പ്രകാശനകര്‍മം ജോസ്‌ കെ. മാണി എംപി നിര്‍വഹിച്ചു. ഏറ്റവും കൂടുതല്‍ മക്കളുള്ള ദമ്പതികളെ അതിരൂപത സഹായമെത്രാന്‍ മാര്‍ ജോസഫ്‌ പണ്ടാരശേരില്‍ ആദരിച്ചു. അതിരൂപത സോഷ്യല്‍ ആക്ഷന്‍ കമ്മീഷന്‍ ചെയര്‍മാന്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍, തോമസ്‌ ചാഴികാടന്‍ എംഎല്‍എ, അതിരൂപത ശതാബ്ദി സെക്രട്ടറി ഫാ.മൈക്കിള്‍ വെട്ടിക്കാട്ട്‌, പി.ജെ. സിറിയക്‌ പറപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു.