Monday, October 4, 2010

സര്‍ക്കാര്‍നീക്കം ഉന്നതവിദ്യാഭ്യാസരംഗത്തെ സര്‍വാധിപത്യത്തിന്‌: മാര്‍ ജോസഫ്‌ പവ്വത്തില്‍

കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗത്തെ വളര്‍ത്താനെന്ന ഭാവത്തില്‍ എല്ലാം തങ്ങളുടെ സര്‍വാധിപത്യത്തിനു കീഴിലാക്കാനുള്ള സര്‍ക്കാരിണ്റ്റെ ശ്രമങ്ങളുടെ ഭാഗമായിട്ടാണ്‌ സര്‍വകലാശാലാ നിയമപരിഷ്കരണസമിതിയുടെ നിര്‍ദേശങ്ങളെ കാണാന്‍ കഴിയുന്നതെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം കൊണ്ടുവന്ന കെഇആര്‍ പരിഷ്കരണസമിതിയും അനന്തമൂര്‍ത്തി കമ്മീഷനും മറ്റും നല്‍കിയ നിര്‍ദേശങ്ങളുടെ തുടര്‍ച്ചയാണ്‌ ഈ നിര്‍ദേശങ്ങളുമെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിലെ ഉന്നതവിദ്യാഭ്യാസരംഗവും, ലക്ഷക്കണക്കിനു വിദ്യാര്‍ഥികളും അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ക്ക്‌ പ്രതിവിധിതേടുന്ന നിര്‍ദേശങ്ങള്‍ ഇതില്‍ പ്രായേണ കാണാന്‍ കഴിയുന്നില്ല. അതിനുപകരം എങ്ങനെ വിദ്യാഭ്യാസരംഗം ഇടുങ്ങിയ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കാന്‍ കഴിയുമെന്നാണ്‌ സമിതി ചിന്തിക്കുന്നതായി കാണുന്നത്‌. കലാലയങ്ങളെ പ്രാദേശികസമിതികളുടെ നിയന്ത്രണത്തിലാക്കാനുള്ള നീക്കവും, കോളജുകളുടെ ക്ളസ്റ്ററുകള്‍ രൂപീകരിക്കാനുള്ള നിര്‍ദേശവും, അണ്‍ എയ്ഡഡ്‌ കോളജുകളിലെ അധ്യാപക നിയമനത്തില്‍പ്പോലും സര്‍വകലാശാലയുടെ മുന്‍കൂറ്‍ അംഗീകാരം തേടണമെന്ന നിബന്ധനയുമെല്ലാം ഇപ്പോള്‍ത്തന്നെ പിന്നോക്കം പോകുന്ന നമ്മുടെ ഉന്നത വിദ്യാഭ്യാസരംഗത്തിണ്റ്റെ പതനം വേഗത്തിലാക്കാനേ ഉപകരിക്കൂ.ഉന്നതവിദ്യാഭ്യാസരംഗത്തിണ്റ്റെ വളര്‍ച്ചക്കാവശ്യം അക്കാദമിക സ്വാതന്ത്യ്രമാണ്‌. ഈ സ്വതന്ത്യ്രം പരമാവധി ഇല്ലാതാക്കാനും നിഷേധിക്കാനുമാണ്‌ സമിതി നിര്‍ദേശങ്ങളിലൂടെ ശ്രമിക്കുന്നത്‌. നല്ല വിദ്യാഭ്യാസം നല്‍കുന്ന ഓട്ടോണമസ്‌ കോളജുകള്‍ക്കു പകരം കോളജുകളുടെ ക്ളസ്റ്ററുകള്‍ കൊണ്ടുവന്ന്‌ എയ്ഡഡ്‌ കോളജുകളുകളും സര്‍ക്കാരിണ്റ്റേതാക്കി മാറ്റാനും അങ്ങനെ ഇവിടെ ഏറ്റവും ഗുണനിലവാരമുള്ള വിദ്യാഭ്യാസം പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു നല്‍കിക്കൊണ്ടിരിക്കുന്ന എയ്ഡഡ്‌ കോളജുകളെ തകര്‍ക്കാനും ശ്രമിക്കുന്നു. പുതുതായി നിര്‍ദേശിക്കപ്പെട്ടിട്ടുള്ള സമിതികളുടെ ലക്ഷ്യവും അതുതന്നെ. വിദ്യാര്‍ഥിപ്രവേശനം ഏകജാലകത്തിലാക്കുന്നതു വിദ്യാര്‍ഥിപ്രവേശനം നീട്ടിക്കൊണ്ടുപോകാനും, വിദ്യാര്‍ഥികള്‍ പ്രവേശനം കിട്ടാതെ അലയുമ്പോഴും വിദ്യാര്‍ഥികളില്ലാതെ കോളജുകളില്‍ പഠനം നടക്കുന്ന സാഹചര്യം സൃഷ്ടിക്കാനും കോഴ്സിണ്റ്റെ ദൈര്‍ഘ്യം വര്‍ധിപ്പിക്കാനും നിലവാരം തകര്‍ക്കാനും മാനേജുമെണ്റ്റിണ്റ്റെ അവകാശങ്ങള്‍ നിഷേധിക്കാനും മാത്രമാണ്‌ ഉപകരിക്കുക. ന്യൂനപക്ഷങ്ങളുടെ ഭരണഘടനാപരമായ വിദ്യാഭ്യാസ അവകാശങ്ങള്‍ തങ്ങളുടെ നിര്‍ദേശങ്ങളിലൂടെ തന്ത്രപരമായി കവര്‍ന്നെടുക്കാനാണ്‌ സര്‍ക്കാര്‍ നിയോഗിച്ച സമിതി ആത്യന്തികമായി ശ്രമിക്കുന്നതെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.