മലങ്കര യാക്കോബായ സുറിയാനി സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുമായുള്ള കത്തോലിക്കാസഭയുടെ അന്തര്‍ദേശീയ സഭൈക്യ-സംവാദ കമ്മീഷനില്‍ വത്തിക്കാന്‍ പ്രതിനിധിയായി പുനലൂറ്‍ ബിഷപ് ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തനെ മാര്‍പാപ്പ നിയോഗിച്ചു. പരിശുദ്ധ സിംഹാസനത്തിണ്റ്റെ കീഴില്‍ ക്രൈസ്തവ ഐക്യത്തിനായുള്ള പൊന്തിഫിക്കല്‍ കൌണ്‍സിലിണ്റ്റെ മേല്‍നോട്ടത്തിലാണു സഭൈക്യത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മാര്‍പാപ്പയുടെയും കേരളത്തിലെ യാക്കോബായ, ഓര്‍ത്തഡോക്സ് സഭകളുടെയും പ്രത്യേക താത്പര്യപ്രകാരം 1989-ലാണ് കത്തോലിക്കാ സഭ മലങ്കര യാക്കോബായ സുറിയാനി സഭയും മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുമായുള്ള സഭൈക്യ സംവാദങ്ങള്‍ ആരംഭിച്ചത്. നെയ്യാറ്റിന്‍കര രൂപത വൈദികനായിരുന്ന ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ 2009 മെയ് എട്ടിനു പുനലൂറ്‍ രൂപതയുടെ മെത്രാനായി നിയമിതനായി. ആലുവ കാര്‍മല്‍ഗിരി സെണ്റ്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടറായി സേവനം അനുഷ്ഠിക്കവേയാണ് അദ്ദേഹം മെത്രാനായി അഭിഷിക്തനായത്.