ക്രൈസ്തവസഭയ്ക്കും വിശ്വാസസത്യങ്ങള്‍ക്കുമെതിരേ നിരീശ്വരവാദികളും സഭാവിരുദ്ധരും നടത്തുന്ന വിമര്‍ശനങ്ങളെയും ആക്ഷേപങ്ങളെയും സമൂഹം പുച്ഛിച്ചുതള്ളുമെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍. നാളുകളായി ഒളിഞ്ഞും തെളിഞ്ഞും സഭയ്ക്കും സഭാസ്ഥാപനങ്ങള്‍ക്കുമെതിരേ നടത്തിയ പരാമര്‍ശങ്ങള്‍ കോടതികളിലും പൊതുസമൂഹത്തിലും പരാജയപ്പെട്ടപ്പോള്‍, രാഷ്ട്രീയ ഗൂഢതന്ത്രങ്ങളുമായി രംഗത്തുവരുന്നതു വിലപ്പോകില്ലെന്നു കമ്മീഷന്‍ സെക്രട്ടറി അഡ്വ.വി.സി.സെബാസ്റ്റ്യന്‍ പറഞ്ഞു. ഈശ്വരവിശ്വാസവും പരസ്പരസ്നേഹവും നിസ്വാര്‍ഥസേവനവും ലോകസമാധാനവുമാണു സഭയുടെ പ്രവര്‍ത്തനമുഖമുദ്ര. പ്രതിസന്ധികളും പ്രതിബന്ധങ്ങളും വിമര്‍ശനങ്ങളും സഭയ്ക്കു പുത്തരിയല്ല. സഭാധ്യക്ഷന്‍മാരെ ആക്ഷേപിച്ച് വിശ്വാസികളെ രണ്ടുതട്ടിലാക്കാമെന്നും അതുവഴി സഭയെ തകര്‍ക്കാമെന്നുമുള്ള മോഹം ആര്‍ക്കും വേണ്ട. ക്യൂബ പോലും മാനസാന്തരത്തിെന്‍റ പാതയിലാണ്. സഭാനേതൃത്വത്തെയും പുരോഹിതരെയും വിമര്‍ശിക്കുകയും അവഹേളിക്കുകയും ചെയ്യുന്നവര്‍ ചരിത്രം പഠിക്കാത്തവരും സത്യത്തെ വളച്ചൊടിക്കുന്നവരുമാണ്. സഭാ സേവനങ്ങളുടെ ഗുണഭോക്താക്കള്‍ പൊതുസമൂഹമാണ്. ജനകീയപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ട തെരഞ്ഞെടുപ്പു വേദികളില്‍ ഭരണപരാജയങ്ങളില്‍നിന്നു ഒളിച്ചോടാന്‍ ക്രൈസ്തവസഭയ്ക്കുനേരെ ചിലര്‍ നടത്തുന്ന ജ്വല്‍പനങ്ങള്‍ കേരളസമൂഹം മുഖവിലയ്ക്കെടുക്കുകയില്ലെന്നും അഡ്വ. സെബാസ്റ്റ്യന്‍ പറഞ്ഞു.