Friday, November 26, 2010

ലോഗോസ്‌ ബൈബിള്‍ ക്വിസ്‌ സംസ്ഥാനതല മത്സരം 28ന്‌

കെസിബിസി ബൈബിള്‍ കമ്മീഷനും കേരള കാത്തലിക്‌ ബൈബിള്‍ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോഗോസ്‌ ബൈബിള്‍ ക്വിസിണ്റ്റെ സംസ്ഥാനതല മത്സരം ഞായറാഴ്ച പിഒസിയില്‍ നടക്കും. രാവിലെ 8.3൦ന്‌ രജിസ്ട്രേഷന്‍. 31 രൂപതകളില്‍നിന്ന്‌ 465 പേര്‍ അഞ്ചു പ്രായ വിഭാഗങ്ങളിലായി മത്സരിക്കും. അതിരൂപതാതലങ്ങളില്‍ നടന്ന മത്സരത്തില്‍ ആദ്യ മൂന്നു സ്ഥാനങ്ങള്‍ നേടിയവരാണ്‌ സംസ്ഥാനതല മത്സരത്തിനു അര്‍ഹത നേടിയിട്ടുള്ളത്‌. പ്രാഥമിക റൌണ്ട്‌ എഴുത്തു പരീക്ഷ രാവിലെ പത്തു മുതല്‍ 11 വരെ നടക്കും. ഓരോ വിഭാഗത്തിലും പത്തു പേരെ വീതം ഫൈനല്‍ മത്സരത്തിലേക്കു തെരഞ്ഞെടുക്കും. ഉച്ചയ്ക്കു രണ്ടിനാരംഭിക്കുന്ന ഫൈനല്‍ മത്സരം അഞ്ചു പരീക്ഷകളായാണ്‌ നടത്തുന്നത്‌. ദൃശ്യ, ശ്രാവ്യ, രചനാ, ഉദ്ധരണി, വാചിക രീതികളിലൂടെ നടക്കുന്ന ഫൈനല്‍ മത്സരം രണ്ടര മണിക്കൂറ്‍ നീളും. അഞ്ചു വിഭാഗത്തിനും ഒരേ സമയമാണു മത്സരം. സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടുന്ന ലോഗോസ്‌ പ്രതിഭയ്ക്കു പാലയ്ക്കല്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയ 10,000 രൂപ കാഷ്‌ അവാര്‍ഡു ലഭിക്കും. ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക്‌ യഥാക്രമം 3,൦൦൦, 2,൦൦൦, 1,൦൦൦ രൂപയും സ്വര്‍ണമെഡലും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും. സംസ്ഥാനതല മത്സരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമ്മാനക്കിറ്റുകള്‍ നല്‍കുന്നുണ്ട്‌. വൈകുന്നേരം അഞ്ചിനു ചേരുന്ന സമ്മേളനം ബൈബിള്‍ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ ഉദ്ഘാടനം ചെയ്യും. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ചടങ്ങില്‍ വിതരണം ചെയ്യും. ലോഗോസ്‌ ക്വിസില്‍ കൂടുതല്‍ പേരെ പങ്കെടുപ്പിച്ച രൂപതകള്‍ക്കുള്ള പുരസ്കാരം യഥാക്രമം എറണാകുളം-അങ്കമാലി, തൃശൂറ്‍, പാലക്കാട്‌ രൂപതകള്‍ക്കു ചടങ്ങില്‍ നല്‍കും. ജനസംഖ്യാനുപാതികമായി കൂടുതല്‍ പേരെ പങ്കെടുപ്പിച്ചതിനുള്ള പുരസ്കാരം യഥാക്രമം പാലക്കാട്‌, കണ്ണൂറ്‍, രാമനാഥപുരം രൂപതകള്‍ക്കാണ്‌. ഏറ്റവും കൂടുതല്‍ പേരെ പങ്കെടുപ്പിച്ച ഇടവകയ്ക്കുള്ള പുരസ്കാരം തൃശൂറ്‍ അതിരൂപതയിലെ അരണാട്ടുകരയ്ക്കു ലഭിക്കും. അങ്കമാലി ബസിലിക്ക, കുറുവിലങ്ങാട്‌ ഇടവകകള്‍ക്കാണ്‌ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍. ബൈബിള്‍ കമ്മീഷന്‍ പുറത്തിറക്കുന്ന ബൈബിള്‍ കലണ്ടര്‍ മാര്‍ ജോര്‍ജ്‌ പുന്നക്കോട്ടില്‍ എസ്‌ഐബി ഡപ്യൂട്ടി ജനറല്‍ മാനേജര്‍ ഏബ്രഹാം കെ. ജോര്‍ജിനു നല്‍കി പ്രകാശനം ചെയ്യും. അഖില കേരള ബൈബിള്‍ സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനങ്ങളും സമ്മേളനത്തില്‍ വിതരണം ചെയ്യും. ഇത്തവണ കേരളത്തിലെ 3൦ രൂപതകള്‍ക്കു പുറമേ തമിഴ്നാട്ടിലെ രാമനാഥപുരവും ലോഗോസ്‌ ക്വിസില്‍ പങ്കെടുക്കുന്നുണ്ട്‌. വിവിധ രൂപതകളില്‍ നടന്ന ക്വിസില്‍ 3,36൦ കേന്ദ്രങ്ങളിലായി 4,83,17൦ പേരാണ്‌ ഇത്തവണ പങ്കെടുത്തതെന്നു കെസിബിസി ബൈബിള്‍ കമ്മീഷന്‍ സെക്രട്ടറിയും ലോഗോസ്‌ ക്വിസ്‌ ചീഫ്‌ കോ-ഓര്‍ഡിനേറ്ററുമായ റവ.ഡോ.ജോഷി മയ്യാറ്റില്‍ അറിയിച്ചു.