Saturday, November 27, 2010

വിശ്വാസത്തിണ്റ്റെ വെളിച്ചത്തില്‍ ജീവിതത്തെ പുനഃക്രമീകരിക്കണം: മാര്‍ ജോസഫ്‌ പവ്വത്തില്‍

വിശ്വാസത്തിണ്റ്റെ വെളിച്ചത്തില്‍ ജീവിതത്തെ പുനഃക്രമീകരിക്കണമെന്ന്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. ഡിവൈന്‍-പോട്ട ടീമിണ്റ്റെ നേതൃത്വത്തില്‍ നടക്കുന്ന അതിരമ്പുഴ കണ്‍വന്‍ഷന്‍ 2010-ല്‍ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ പവ്വത്തില്‍. കര്‍ത്താവിണ്റ്റെ വാക്കുകള്‍ കേള്‍ക്കുകയോ പ്രാര്‍ഥിക്കുകയോ മാത്രം പോരാ, അവിടുന്ന്‌ ആഗ്രഹിക്കുന്ന രീതിയില്‍ ജീവിക്കണം. കര്‍ത്താവ്‌ ഒരിക്കലും ഭൌതികമായ സുസ്ഥിതി വാഗ്ദാനം ചെയ്യുന്നില്ല. തന്നെത്തന്നെ പരിത്യജിച്ചു കുരിശുമെടുത്തു തന്നെ അനുഗമിക്കാനാണ്‌ അവിടുന്ന്‌ ആഹ്വാനം ചെയ്യുന്നത്‌. കര്‍ത്താവിനെ അനുഗമിക്കുന്നവര്‍ക്കു കഷ്ടപ്പാടുകളും പീഡകളും ഉണ്ടാകുന്നതും ജീവന്‍തന്നെ നഷ്ടപ്പെടുന്നതും നാം കാണുന്നുണ്ട്‌. പരിപൂര്‍ണരാകാന്‍ ആഗ്രഹിക്കുന്നവര്‍ സ്വയം പരിത്യജിച്ചു തങ്ങള്‍ക്കുള്ളതെല്ലാം വിറ്റ്‌ പാവങ്ങള്‍ക്കു നല്‍കിയശേഷം അനുഗമിക്കാനാണു കര്‍ത്താവു പറഞ്ഞത്‌. കര്‍ത്താവിനെ അനുഗമിക്കുന്നവര്‍ക്കു ഭൌതിക സുഖങ്ങള്‍ ത്യജിക്കേണ്ടിവരും. സഹനം കൂടാതെ കര്‍ത്താവിണ്റ്റെ അനുയായിയാകാന്‍ ആവില്ല. നമ്മുടെ പ്രാര്‍ഥനയ്ക്ക്‌ ഉത്തരം ലഭിക്കുന്നതു നമ്മുടെ വിശ്വാസത്തിണ്റ്റെ അടിസ്ഥാനത്തിലാണ്‌-മാര്‍ ജോസഫ്‌ പവ്വത്തില്‍ പറഞ്ഞു. രാവിലെ കുറവിലങ്ങാട്‌ ഫൊറോന വികാരി റവ. ഡോ. ജോസഫ്‌ മലേപ്പറമ്പില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. റവ. ഡോ. മാണി പുതിയിടം സന്ദേശം നല്‍കി. ഫാ. മാത്യു നായ്ക്കംപറമ്പില്‍ വചനപ്രഘോഷണം നടത്തി. ബ്രദര്‍ ജയിംസ്കുട്ടി ചമ്പക്കുളം ശുശ്രൂഷകള്‍ നയിച്ചു.