ജീവിതത്തില്‍ അടിയുറച്ച് ജീവണ്റ്റെ സംഋദ്ധിയില്‍ നിറയുമ്പോഴാണ് സഭ സമ്പന്നമാകുന്നതെന്നും വിശ്വാസത്തെ തകര്‍ക്കുന്ന മരണ സംസ്കാരത്തിനെതിരേ പ്രതികരിക്കണമെന്നും രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍. കാഞ്ഞിരപ്പള്ളി രൂപത പാസ്റ്ററല്‍ കൌണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മാര്‍ അറയ്ക്കല്‍. പ്രാര്‍ത്ഥനാ ജീവിതവും കുടുംബ പ്രാര്‍ഥനകളും കൂടുതല്‍ സജീവമാകുകയും അരൂപിയില്‍ നിറയുകയും ചെയ്യുമ്പോള്‍ കൂട്ടായ്മകള്‍ ശക്തിപ്പെടുകയും സഭ വളരുകയും ചെയ്യും. ആധുനിക കാലഘട്ടങ്ങളുടെ മാറ്റങ്ങള്‍ക്കനുസരിച്ച് മുന്നേറുമ്പോഴും പൈതൃകവും പാരമ്പര്യവും കാത്തു സൂക്ഷിക്കണമെന്ന് ബിഷപ് കൂട്ടിച്ചേര്‍ത്തു. പാസ്റ്ററല്‍ കൌണ്‍സില്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വിശ്വാസ ജീവിതവും ജീവണ്റ്റെ സംരക്ഷണവും എന്ന വിഷയത്തില്‍ വികാരി ജനറാള്‍ റവ. ഡോ. മാത്യു പായിക്കാട്ട്, ഫാ. ജോസഫ് മരുതുക്കുന്നേല്‍ എന്നിവര്‍ വിഷയാവതരണം നടത്തി. രൂപത ചാന്‍സിലര്‍ റവ. ഡോ. കുര്യന്‍ താമരശേരി, അമല കമ്യൂണിക്കേഷന്‍ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കിടങ്ങത്താഴെ എന്നിവര്‍ പ്രസംഗിച്ചു. രൂപതയുടെ വിവിധ തലങ്ങളിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ജീവണ്റ്റെ സംഋദ്ധിക്കായി എന്ന സിഡിയുടെ പ്രകാശനം അഡ്വ. ഏബ്രഹാം മാത്യു പന്തിരുവേലിക്കു നല്‍കി മാര്‍ മാത്യു അറയ്ക്കല്‍ നിര്‍വഹിച്ചു. സഭയുടെ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ അസംബ്ളിയുടെ തീരുമാനങ്ങള്‍ കൌണ്‍സിലില്‍ പങ്കുവച്ചു.