ദൈവജനം വിശ്വാസത്തിലും വചനാധിഷ്ഠിതമായ ജീവിതത്തിലും ഒന്നായിത്തീരണമെന്നു ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍. വിജയപുരം രൂപതയുടെ 80-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടന്ന വിശ്വാസ സംഗമത്തില്‍ പ്രസംഗിക്കുകയായിരുന്നു ബിഷപ്. ആരുടെയും പിന്നിലാകുക എന്നതല്ല ഒപ്പം നില്‍ക്കാനും എല്ലാവരെയും ഒരുമിച്ചു നിര്‍ത്തുവാനുമുള്ള ഐക്യമാണ് വിജയപുരം രൂപത നല്‍കുന്നതെന്നു ബിഷപ് കൂട്ടിച്ചേര്‍ത്തു. വിജയപുരം രൂപതാഘോഷങ്ങള്‍ കൃതജ്ഞതാബലിയോടെ സമാപിച്ചു. നൂറുകണക്കിന് വിശ്വാസികളാണ് ഉച്ചയോടെ പൈങ്ങനയില്‍നിന്ന് ആരംഭിച്ച വിശ്വാസ പ്രഘോഷണ റാലിയില്‍ പങ്കെടുത്തത്. കെസിവൈഎമ്മിണ്റ്റെ നേതൃത്വത്തിലുള്ള ദീപശിഖാ പ്രയാണമായിരുന്നു റാലിയുടെ മുന്‍നിരയില്‍. തുടര്‍ന്ന് ആതിഥേയത്വം വഹിച്ച മുണ്ടക്കയം ഫൊറോന, 80മാലാഖാമാരുടെ വേഷം ധരിച്ച കുട്ടികള്‍, നഴ്സിംഗ് വിദ്യാര്‍ഥികള്‍ എന്നിവര്‍ റാലിയില്‍ അണിനിരന്നു. അഞ്ചു ജില്ലകളിലെ 84 ഇടവകകളില്‍നിന്നുള്ള വിശ്വാസികള്‍ വിശ്വാസ പ്രഘോഷണ റാലിയില്‍ പങ്കെടുത്തു. സമാപന പരിപാടികളോടനുബന്ധിച്ചു സ്നേഹവിരുന്നും നടന്നു.