Friday, November 5, 2010

ജോലിസ്ഥലങ്ങളിലെ ലൈംഗിക പീഡനം: ബില്ലിന്‌ മന്ത്രിസഭയുടെ അംഗീകാരം

ജോലിസ്ഥലങ്ങളില്‍ സ്ത്രീകള്‍ക്കെതിരേയുള്ള ലൈംഗിക ചൂഷണങ്ങള്‍ തടയുന്നതിനുള്ള ബില്ലിനു കേന്ദ്രമന്ത്രിസഭ ഇന്നലെ അംഗീകാരം നല്‍കി. അസംഘടിത മേഖലയിലുള്‍പ്പെടെയുള്ള മുഴുവന്‍ പൊതു, സ്വകാര്യ സ്ഥാപനങ്ങളിലും വനിതകള്‍ക്കു സുരക്ഷിതമായ തൊഴിലന്തരീക്ഷം ഉറപ്പാക്കുന്ന ബില്ല്‌ ചൊവ്വാഴ്ച തുടങ്ങുന്ന പാര്‍ലമെണ്റ്റ്‌ സ്മ്മേളനത്തില്‍ അവതരിപ്പിക്കും. പ്രൊട്ടക്്ഷന്‍ ഓഫ്‌ വിമണ്‍ എഗന്‍സ്റ്റ്‌ സെക്്ഷ്വല്‍ ഹരാസ്മെണ്റ്റ്‌ അറ്റ്‌ വര്‍ക്ക്പ്ളേസ്‌ ബില്ല്‌- 2010' എന്ന പേരിലുള്ള നിയമനിര്‍മാണത്തോടെ തൊഴില്‍ സ്ഥാപനങ്ങളില്‍ സ്ത്രീകളുടെ പരാതി പരിഹാരത്തിന്‌ പ്രത്യേക സംവിധാനം രൂപീകരിക്കും. കുറഞ്ഞത്‌ പത്തു വനിതാ ജീവനക്കാരെങ്കിലുമുള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സമിതി (ഇണ്റ്റേണല്‍ കംപ്ളെയിണ്റ്റ്സ്‌ കമ്മിറ്റി- ഐസിസി) രൂപീകരിക്കണം. നിയമം നടപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാത്ത തൊഴിലുടമകള്‍ 50,൦൦൦ രൂപ വരെ പിഴ അടയ്ക്കണമെന്നു ബില്ലില്‍ വ്യവസ്ഥയുണ്ട്‌. സ്ത്രീ ശാക്തീകരണ രംഗത്തെ വലിയ ചുവടുവയ്പാകും നിയമമെന്ന്‌ കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ജോലിസ്ഥലത്തെ സുരക്ഷ ഉറപ്പാക്കുന്നതിലൂടെ സ്ത്രീകളുടെയും രാജ്യത്തിണ്റ്റെയും സാമ്പത്തിക സുരക്ഷയും ഉറപ്പാക്കാനാകുമെന്ന്‌ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ലൈംഗിക പീഡനമെന്ന പേരില്‍ ഉന്നയിക്കുന്ന വ്യാജവും ദുരുദ്ദേശ്യപരവുമായ പരാതികളില്‍ നിന്നു സംരക്ഷണം നല്‍കുന്ന വ്യവസ്ഥകളും ബില്ലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. എന്നാല്‍, പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാനായില്ലെന്നതിണ്റ്റെയോ, മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ കഴിയാത്തതിണ്റ്റെയോ പേരില്‍ പരാതിക്കാരികളെ ശിക്ഷിക്കില്ല. പരാതിക്കാരിക്ക്‌ ആവശ്യമെങ്കില്‍ തീരുമാനം വരുന്നതു വരെ അവധിയില്‍ പ്രവേശിക്കാനോ, സ്ഥലമാറ്റത്തിനോ ബില്ലിലെ വ്യവസ്ഥയനുസരിച്ച്‌ അവകാശമുണ്ടാകും. ജോലിസ്ഥലങ്ങളില്‍ ഉണ്ടാകാവുന്ന പല തരത്തിലുള്ള ലൈംഗികാതിക്രമങ്ങളെ തടയുന്നതിനുള്ള സുപ്രീം കോടതി നിര്‍ദേശത്തിണ്റ്റെ അടിസ്ഥാനത്തിലാണ്‌ ബില്ലിന്‌ രൂപം നല്‍കിയത്‌. 1997ലെ വി. വിശാഖയും രാജസ്ഥാന്‍ സര്‍ക്കാരും തമ്മിലുള്ള കേസിലെ സുപ്രീം കോടതി വിധിയില്‍ പറഞ്ഞ പ്രകാരമാണ്‌ സ്ത്രീകള്‍ക്കെതിരായ ലൈംഗിക പീഡനങ്ങള്‍ ബില്ലില്‍ നിര്‍വചനം ചെയ്തിട്ടുള്ളത്‌. സ്ത്രീകള്‍ക്കു തൊഴില്‍ വാഗ്ദാനമോ, സ്ഥാനക്കയറ്റം അടക്കമുള്ള തൊഴിലിണ്റ്റെ ഭാവിയെ സംബന്ധിച്ച ഭീഷണിപ്പെടുത്തലോ ഉള്‍പ്പെടെ തൊഴിലന്തരീക്ഷത്തിനു വിരുദ്ധമായ കാര്യങ്ങളും പീഡനങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളില്‍ ജോലി ചെയ്യുന്നവര്‍ക്കു പുറമേ അവിടെയെത്തുന്ന മറ്റു സ്ത്രീകള്‍ക്കും സംരക്ഷണം ഉറപ്പാക്കുന്നുണ്ട്‌. ഉപഭോക്താക്കള്‍, അപ്രണ്റ്റീസുകള്‍, ദിവസക്കൂലിക്കാര്‍, വിദ്യാര്‍ഥിനികള്‍, ഗവേഷകര്‍ തുടങ്ങിയ എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ബില്ലനുസരിച്ച്‌ സംരക്ഷണത്തിന്‌ വ്യവസ്ഥകളുണ്ട്‌. പത്തില്‍ കുറവ്‌ ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ആഭ്യന്തര പരാതി പരിഹാര സെല്‍ രൂപീകരിക്കുക പ്രയാസമായതിനാല്‍ ജില്ലാ, സബ്‌ ജില്ലാ തലത്തില്‍ നിയുക്തനായ ജില്ലാ ഓഫീസര്‍ പ്രാദേശിക പരാതി പരിഹാരസമിതി രൂപീകരിക്കണം. അംസഘടിത മേഖലയിലേതടക്കം ചെറുസ്ഥാപനങ്ങളിലെ സ്ത്രീകളുടെ പരാതികള്‍ പ്രാദേശിക സമിതിയാകും പരിശോധിച്ചു നടപടി ശിപാര്‍ശ ചെയ്യുക. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ കീഴിലുള്ളതും ഭാഗികമായെങ്കിലും നിയന്ത്രണമുള്ളതുമായ ഓഫീസുകളിലും സ്ഥാപനങ്ങളിലും നിയമം നടപ്പാക്കാന്‍ ബന്ധപ്പെട്ട സര്‍ക്കാരുകള്‍ക്കാകും ഉത്തരവാദിത്വം. തങ്ങളുടെ പരിധിയില്‍ വരുന്ന സ്വകാര്യ സ്ഥാപനങ്ങളിലും ബില്ലു നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക്‌ ഉത്തരവാദിത്വമുണ്ട്‌. സ്വന്തം സ്ഥാപനങ്ങളില്‍ ബില്ലിലെ വ്യവസ്ഥകള്‍ നടപ്പാക്കേണ്ടത്‌ ഓരോ തൊഴിലുടമയുടെയും ബാധ്യതയാണ്‌.