Friday, November 19, 2010

ആര്‍ച്ച്ബിഷപ്‌ ഡോ.എം. സൂസപാക്യം കെആര്‍എല്‍സിബിസി പ്രസിഡണ്റ്റ്‌

കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്സ്‌ കൌണ്‍സിലിണ്റ്റെയും (കെആര്‍എല്‍സിബിസി) കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക്‌ കൌണ്‍സിലിണ്റ്റെയും (കെആര്‍എല്‍സിസി) പ്രസിഡണ്റ്റായി ആര്‍ച്ച്ബിഷപ്‌ ഡോ.എം.സൂസപാക്യത്തെ വീണ്ടും തെരഞ്ഞെടുത്തു. വരാപ്പുഴ ആര്‍ച്ച്ബിഷപ്സ്‌ ഹൌസില്‍ നടന്ന കെആര്‍എല്‍സിബിസി വാര്‍ഷിക സമ്മേളനമാണ്‌ ആര്‍ച്ച്ബിഷപ്‌ സൂസപാക്യത്തെ വീണ്ടും പ്രസിഡണ്റ്റായി തെരഞ്ഞെടുത്തത്‌. വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലാണു പുതിയ വൈസ്‌ പ്രസിഡണ്റ്റ്‌. സെക്രട്ടറിയായി കൊച്ചി ബിഷപ്‌ ഡോ. ജോസഫ്‌ കരിയിലിനെയും തെരഞ്ഞെടുത്തിട്ടുണ്ട്‌. വിവിധ കമ്മീഷനുകളുടെ ചെയര്‍മാന്‍മാരായി ബിഷപ്‌ ഡോ. ജോസഫ്‌ കളത്തിപറമ്പില്‍ (ലിറ്റര്‍ജി കമ്മീഷന്‍), ബിഷപ്‌ ഡോ.സ്റ്റാന്‍ലി റോമന്‍ (വിദ്യാഭ്യാസം), ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ (അല്‍മായ കമ്മീഷന്‍), ബിഷപ്‌ ഡോ. വര്‍ഗീസ്‌ ചക്കാലക്കല്‍ (വൈദിക-സന്യസ്ത കമ്മീഷന്‍), ബിഷപ്‌ ഡോ. ജോസഫ്‌ കാരിക്കശേരി (ഫാമിലി കമ്മീഷന്‍), ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ (മീഡിയ കമ്മീഷന്‍), ബിഷപ്‌ ഡോ. സെല്‍വിസ്റ്റര്‍ പൊന്നുമുത്തന്‍ (ഇവാഞ്ചലൈസേഷന്‍ ആന്‍ഡ്‌ എക്യുമെനിസം), ബിഷപ്‌ ഡോ. സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ (തീരദേശ വികസനം), ബിഷപ്‌ ഡോ. ജോസഫ്‌ കരിയില്‍ (മതബോധന കമ്മീഷന്‍) എന്നിവരെ തെരഞ്ഞെടുത്തു. സഭയുടെ കീഴിലുള്ള സെമിനാരികളുടെ ചുമതല ആര്‍ച്ച്ബിഷപ്‌ സൂസപാക്യം, ആര്‍ച്ച്ബിഷപ്‌ ്ഫ്രാന്‍സിസ്‌ കല്ലറക്കല്‍, ബിഷപ്‌ സ്റ്റാന്‍ലി റോമന്‍ എന്നിവര്‍ക്കു നല്‍കി. പുതിയതായി രൂപീകരിച്ച യൂത്ത്‌ കമ്മീഷണ്റ്റെ ചെയര്‍മാനായി ബിഷപ്‌ ഡോ. വിന്‍സെണ്റ്റ്‌ സാമുവലിനെയും സാമൂഹ്യ സേവന വിഭാഗം ചെയര്‍മാനായി ബിഷപ്‌ ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരിയേയും നിയമിച്ചു. മൂന്നു വര്‍ഷത്തേക്കാണു പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തിട്ടുള്ളത്‌.ഡിസംബര്‍ അഞ്ചു കേരളത്തിലെ ലത്തീന്‍ രൂപതകളില്‍ സമുദായദിനമായി ആചരിക്കാനും മെത്രാന്‍ സമിതി തീരുമാനിച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ ഡോ. സൂസപാക്യം അധ്യക്ഷനായിരുന്നു.