Friday, November 19, 2010

പുരോഹിതര്‍ ക്രിസ്തുവിണ്റ്റെ സഹനജീവിതത്തില്‍ പങ്കുചേരേണ്ടവര്‍: മാര്‍ വര്‍ക്കി വിതയത്തില്‍

പൌരോഹിത്യം സഹനത്തിലേക്കുള്ള വിളിയാണെന്നും ക്രിസ്തുവിണ്റ്റെ രക്ഷാകരമായ സഹനജീവിതത്തില്‍ പങ്കുചേരേണ്ടവരാണു പുരോഹിതരെന്നും സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍. സീറോ മലബാര്‍ സഭ സിനഡിണ്റ്റെ കീഴിലുള്ള ക്ളര്‍ജി കമ്മീഷണ്റ്റെ നേതൃത്വത്തില്‍ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ നടന്ന ജൂബിലേറിയന്‍ വൈദികസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യവംശത്തിനു വേണ്ടി സഹനങ്ങള്‍ ഏറ്റെടുത്ത ക്രിസ്തുവിനേപ്പോലെ ദൈവരാജ്യസൃഷ്ടിക്കായി സഹനങ്ങള്‍ സ്വീകരിക്കാന്‍ നമുക്കാവണം. ഏതു സാഹചര്യത്തിലും ക്രിസ്തുവിശ്വാസം മുറുകെപ്പിടിക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്‌. പൌരോഹിത്യത്തിണ്റ്റെ ജൂബിലി കൃതജ്ഞതയുടെ സമയമാണ്‌. അളവില്ലാത്ത ദൈവാനുഗ്രഹത്തിണ്റ്റെ നിറവാണു പൌരോഹിത്യത്തിണ്റ്റെ രജത, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന വൈദികരിലൂടെ സഭ ദര്‍ശിക്കുന്നത്‌. -കര്‍ദിനാള്‍ പറഞ്ഞു. ക്ളര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്‌ മാര്‍ തോമസ്‌ ചക്യത്ത്‌ അധ്യക്ഷത വഹിച്ചു. പൌരോഹിത്യത്തിണ്റ്റെ രജത, സുവര്‍ണ ജൂബിലി ആഘോഷിക്കുന്ന സഭയിലെ വൈദികര്‍ക്കു ചടങ്ങില്‍ കര്‍ദിനാള്‍ ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ജൂബിലി ആഘോഷിക്കുന്ന ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റിലിനാണ്‌ ആദ്യത്തെ ഉപഹാരം നല്‍കിയത്‌. കമ്മീഷന്‍ സെക്രട്ടറി റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്‌ പ്രസംഗിച്ചു. സമൂഹബലിയില്‍ ബിഷപ്‌ മാര്‍ ജെയിംസ്‌ പഴയാറ്റില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഉച്ചയ്ക്കുശേഷം ജൂബിലേറിയന്‍മാര്‍ പൌരോഹിത്യ ജീവിതത്തിണ്റ്റെ അനുഭവങ്ങള്‍ പങ്കുവച്ചതു ശ്രദ്ധേയമായി. ബിഷപ്‌ മാര്‍ ചക്യത്ത്‌ സമാപന സന്ദേശം നല്‍കി. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളില്‍നിന്നു പൌരോഹിത്യത്തിണ്റ്റെ 25, 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ വൈദികര്‍ പരിപാടിയില്‍ പങ്കെടുത്തു.