Saturday, November 20, 2010

ഉന്നതവിദ്യാഭ്യാസ നയരേഖ പരിഷ്കരിക്കണം: ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ നൂറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന മതസമുദായങ്ങളെ അധിക്ഷേപിക്കുകയും പ്രൈവറ്റ്‌ എയ്ഡഡ്‌ കോളജുകളെ ഉത്മൂലനം ചെയ്യാന്‍ തന്ത്രങ്ങള്‍ക്ക്‌ രൂപം നല്‍കുകയും ചെയ്യുന്നതാണ്‌ ഉന്നത വിദ്യാഭ്യാസ സമിതിയുടെ നയരേഖയെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍ പ്രസ്താവിച്ചു. ഗുണമേന്‍മയുള്ള വിദ്യാഭ്യാസം ലഭ്യമാകുന്ന സാഹചര്യം സൃഷ്ടിക്കുന്നതിനു പകരം പ്രത്യയശാസ്ത്ര നിലപാടുകളുടെ നിലനില്‍പ്പും സുസ്ഥിതിയുമാണ്‌ നയരേഖയ്ക്ക്‌ രൂപം നല്‍കിയവര്‍ ലക്ഷ്യമിടുന്നത്‌. ദൂരെവ്യാപകമായ ദുര്‍ഫലങ്ങള്‍ സൃഷ്ടിക്കുന്ന നയരേഖ സമൂലം പരിഷ്കരിക്കാന്‍ നടപടി സ്വീകരിക്കണം. പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക്‌ ഏറ്റവും നല്ല ഉന്നതവിദ്യാഭ്യാസം നല്‍കുന്നത്‌ സ്വകാര്യ എയ്ഡഡ്‌ കോളജുകളാണ്‌.സര്‍ക്കാരിണ്റ്റെ സഹകരണത്തോടെ നടത്തുന്ന ഈ കോളജുകള്‍ക്ക്‌ സര്‍ക്കാര്‍ കോളജുകളില്‍ ചെലവഴിക്കുന്നതിനെക്കാള്‍ തുലോം തുച്ഛമായ തുക മാത്രമാണ്‌ പൊതുഖജനാവില്‍നിന്നു ലഭ്യമാകുന്നത്‌. സര്‍ക്കാര്‍ കോളജുകളില്‍ സൌകര്യവും വിദ്യാഭ്യാസവും മോശമെന്ന്‌ സമ്മതിക്കുന്ന നയരേഖ സ്വകാര്യ എയ്ഡഡ്‌ കോളജുകളെ യാഥാര്‍ഥ്യങ്ങള്‍ മറന്ന്‌ പൊതുവില്‍ ആക്ഷേപിക്കുന്ന രീതിയാണ്‌ അവലംബിച്ചിരിക്കുന്നത്‌. ഇതു തികച്ചും ദൌര്‍ഭാഗ്യകരമാണ്‌. അധ്യാപക നിയമനത്തിന്‌ കോളജ്‌ സര്‍വീസ്‌ കമ്മീഷന്‌ രൂപം നല്‍കാനും കോളജുകളുടെ ക്ളസ്റ്ററുകള്‍ക്ക്‌ രൂപം നല്‍കി എയ്ഡഡ്‌ കോളജുകളുടെ ഭരണം ചില സമിതികള്‍ക്ക്‌ തീറെഴുതിക്കാനുമുള്ള ശ്രമങ്ങള്‍ ഉന്നത വിദ്യാഭ്യസരംഗത്തെ പിന്നോട്ടടിക്കാനേ സഹായിക്കൂ-മാര്‍ പവ്വത്തില്‍ ചൂണ്ടിക്കാട്ടി.