Saturday, November 20, 2010

അനന്തമൂര്‍ത്തി കമ്മീഷന്‍ റിപ്പോര്‍ട്ട്‌ ഉന്നതവിദ്യാഭ്യാസ മേഖല തകര്‍ക്കാന്‍: മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍

ഉന്നതവിദ്യാഭ്യാസ കൌണ്‍സിലിണ്റ്റെ അനന്തമൂര്‍ത്തി കമ്മീഷനും അനന്തകൃഷ്ണ കമ്മീഷനും എയ്ഡഡ്‌ കോളജുകളുടെ മേല്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്താന്‍വേണ്ടി രൂപം കൊടുത്തവയാണെന്ന്‌ കേരളാ പ്രൈവറ്റ്‌ കോളജ്‌ മാനേജ്മെണ്റ്റ്‌ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി റവ.ഡോ. മാത്യു മലേപ്പറമ്പില്‍ പ്രസ്താവിച്ചു. എയ്ഡഡ്‌ കോളജുകളുടെ അടിസ്ഥാന സൌകര്യം സമൂഹത്തില്‍നിന്നുള്ള സംഭാവനകൊണ്ടുണ്ടാക്കിയതാണെന്ന്‌ ഏവരും അംഗീകരിക്കും. അതിണ്റ്റെ ഗുണഭോക്താക്കളും സമൂഹം തന്നെയാണ്‌. 36 ഗവണ്‍മെണ്റ്റ്‌ കോളജുകള്‍ മാത്രമുള്ള കേരളത്തില്‍ ജനങ്ങളും വിദ്യാഭ്യാസാവശ്യം നിറവേറ്റുന്നത്‌ 15൦ ഓളം സ്വകാര്യ എയ്ഡഡ്‌ കോളജുകളും 58 സ്വാശ്രയ ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളുമാണെന്നകാര്യം സര്‍ക്കാര്‍ വിസ്മരിക്കുകയാണ്‌. പ്രത്യയശാസ്ത്രം തലയ്ക്കുപിടിച്ചിരിക്കുന്ന ഏതാനും വ്യക്തികളെ ഉള്‍പ്പെടുത്തി ഉണ്ടാക്കിയ കമ്മിറ്റി ഇഷ്ടാനുസരണം ഉണ്ടാക്കിയ റിപ്പോര്‍ട്ടാണിത്‌. ഇതു ഭരണഘടനാവിരുദ്ധവുമാണ്‌. അഖിലേന്ത്യാതലത്തില്‍ യുജിസി ടെസ്റ്റ്‌ ഉള്ളപ്പോള്‍ പിന്നെന്തിന്‌ ഇവിടൊരു കോളജ്‌ സര്‍വീസ്‌ കമ്മീഷനും ടെസ്റ്റും? വിദ്യാര്‍ഥി പ്രതിനിധിയേയും അധ്യാപക അനധ്യാപക പ്രതിനിധിയേയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഗവേണിംഗ്‌ ബോഡി കോളജ്‌ ഭരണക്രമത്തെ തകര്‍ക്കാന്‍ മാത്രമേ ഉപകരിക്കൂ. ഒരുവശത്ത്‌ കേന്ദ്രീകൃത അലോട്ട്മെണ്റ്റും മറുവശത്ത്‌ സെമസ്റ്റര്‍ രീതിയും കൊണ്ടുവന്നതോടെ ഉന്നത വിദ്യാഭ്യാസരംഗം താറുമാറായിരിക്കുകയാണ്‌. ഒരു സെമസ്റ്ററില്‍ 90 ദിവസം വേണ്ടിടത്ത്‌ അലോട്ട്മെണ്റ്റ്‌ കഴിഞ്ഞ്‌ 60 ദിവസം പോലും തികയുന്നില്ല. റാങ്ക്‌ ലിസ്റ്റു പോലും ആര്‍ക്കും കാണാന്‍ സാധിക്കാത്ത അലോട്ട്മെണ്റ്റിന്‌ സുതാര്യതയില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിലെ കഴിഞ്ഞ അന്‍പതുവര്‍ഷത്തെ തകര്‍ച്ചയുടെ കാരണം വഴിവിട്ട വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനമാണെന്ന്‌ കോടതികളും പൊതുജനവും ആവര്‍ത്തിച്ചു പ്രഖ്യാപിച്ചിട്ടും ഇനിയും വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനം അനുവദിക്കണം എന്നു പറയുന്നതിലെ ഗൂഡോദ്ദേശ്യം വ്യക്തമാണ്‌. എയ്ഡഡ്‌ കോളജുകളില്‍ കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഒരൊറ്റ എയ്ഡഡ്‌ കോഴ്സു പോലും അനുവദിക്കുന്നില്ല. ഇതുമൂലം എയ്ഡഡ്‌ കോളജുകളുടെ വളര്‍ച്ചനിന്നു പോയിരിക്കുകയാണ്‌.ക്ളസ്റ്റര്‍ കോളജ്‌ വ്യവസ്ഥിതി സ്വകാര്യ കോളജുകളെ സാവധാനം ഇല്ലായ്മ ചെയ്യാന്‍വേണ്ടി കരുതിക്കൂട്ടി ഉണ്ടാക്കിയതാണ്‌. കോളജുകളെ ക്ളസ്റ്ററിണ്റ്റെ കീഴില്‍ കൊണ്ടുവന്ന്‌ പരീക്ഷയും പുതിയ കോഴ്സുകളും ക്ളസ്റ്ററിണ്റ്റെ കീഴില്‍ ആക്കി സ്വകാര്യ കോളജുകളെ സാവധാനം ഉന്‍മൂലനം ചെയ്യാനുള്ള ശ്രമത്തെ മാനേജ്മെണ്റ്റ്‌ ഒറ്റക്കെട്ടായി എതിര്‍ക്കുമെന്നും റവ.ഡോ. മാത്യു മലേപ്പറമ്പില്‍ അറിയിച്ചു.