Saturday, November 27, 2010

സമുദായങ്ങള്‍ക്കു രാഷ്ട്രീയനീതിയും സാമൂഹികനീതിയും ഉറപ്പാക്കണം: ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

ഓരോ സമുദായത്തിനും രാഷ്ട്രീയ നീതിയും സാമൂഹിക നീതിയും ഉറപ്പാക്കണമെന്നു വരാപ്പുഴ ആര്‍ച്ച്‌ ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ ഓര്‍മിപ്പിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച വരാപ്പുഴ അതിരൂപത അംഗങ്ങളായ ജനപ്രതിനിധികള്‍ക്ക്‌ അതിരൂപത അല്‍മായ കമ്മീഷണ്റ്റെ നേതൃത്വത്തില്‍ എറണാകുളം ആശിര്‍ഭവനില്‍ സംഘടിപ്പിച്ച സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അര്‍ഹമായ നീതി ലഭിച്ചെങ്കില്‍ മാത്രമെ ആ സമുദായത്തിനു രാഷ്ട്രത്തിണ്റ്റെ പൊതുനിര്‍മിതിക്കുവേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയു. ജനപ്രതിനിധികള്‍ രാഷ്ട്രീയപ്രബുദ്ധത അധികമായി കൈവരിക്കാന്‍ ശ്രമിക്കണം. എങ്കില്‍ മാത്രമെ ജനങ്ങള്‍ക്ക്‌ ഉപകാരപ്രദവും സമഗ്രവുമായ പദ്ധതികളെക്കുറിച്ചു ചിന്തിക്കാനും ആസൂത്രണം ചെയ്യാനും കഴിയു. ശക്തമായ പ്രവര്‍ത്തനങ്ങളിലൂടെ മറ്റുള്ളവര്‍ക്കു നിഷേധിക്കാന്‍ പറ്റാത്തവിധത്തിലുള്ള ശബ്ദമായി മാറാന്‍ ഒരോ ജനപ്രതിനിധിയും ശ്രമിക്കണം. എന്തൊക്കെ വെല്ലുവിളികളുണ്ടായാലും അവയെല്ലാം സമചിത്തതയോടെ നേരിട്ടുകൊണ്ട്‌ തെരഞ്ഞെടുപ്പു വേളയില്‍ തങ്ങള്‍ക്കൊപ്പം നിന്ന സമുദായത്തെയും സംഘടനകളെയും മറക്കാതെ ജനങ്ങളുടെ പൊതുനന്‍മയ്ക്കായി പ്രവര്‍ത്തിക്കാന്‍ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആണ്റ്റണി എം. അമ്പാട്ട്‌ അധ്യക്ഷത വഹിച്ചു. അല്‍മായ കമ്മീഷന്‍ ഡയറക്ടര്‍ മോണ്‍. ജോണ്‍ബോസ്ക്കോ പനക്കല്‍ ആമുഖ പ്രസംഗം നടത്തി. കെആര്‍എല്‍സിസി സെക്രട്ടറി ഷാജി ജോര്‍ജ്‌, ഫാമിലി അപ്പോസ്തലേറ്റ്‌ ഡയറക്ടര്‍ ഫാ. ആണ്റ്റണി ജോണ്‍ പുളിപ്പറമ്പില്‍, കെഎല്‍സിഎ ഡയറക്ടര്‍ ഫാ. ജോണ്‍ ഡിക്കൂഞ്ഞ എന്നിവര്‍ പ്രസംഗിച്ചു. കൊച്ചി മേയര്‍ ടോണി ചമ്മണി, ജില്ലാ പഞ്ചായത്തംഗം യേശുദാസ്‌ പറപ്പള്ളി, കടമക്കുടി ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ഷീബ ജെയിംസ്‌, എളംകുന്നപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ബിയാട്രിസ്‌ ജോസഫ്‌, വരാപ്പുഴ ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ മേഴ്സി ജോണ്‍, കോട്ടുവള്ളി പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ കെ.എ അഗസ്റ്റ്യന്‍, ഞാറയക്കല്‍ പഞ്ചായത്ത്‌ പ്രസിഡണ്റ്റ്‌ ജൂഡ്‌ പുളിക്കല്‍ എന്നിവര്‍ മറുപടി പ്രസംഗം നടത്തി. കെഎല്‍സിഎ പ്രസിഡണ്റ്റ്‌ അഡ്വ. വി.എ ജെറോം സ്വാഗതവും അല്‍മായ കമ്മീഷന്‍ സെക്രട്ടറി ലൂയിസ്‌ തണ്ണിക്കോട്ട്‌ നന്ദിയും പറഞ്ഞു.