Monday, November 29, 2010

കേരളത്തില്‍ പാവപ്പെട്ടവരുടെ സ്ഥിതി കൂടുതല്‍ മോശമാകുന്നു: മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌

പണം ദൈവമായി മാറുന്ന കാലഘട്ടത്തിലൂടെയാണ്‌ നാം ഇന്നു കടന്നു പൊയ്ക്കൊണ്ടിരിക്കുന്നതെന്ന്‌ എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസലിക്കയിലെ സെണ്റ്റ്‌ മേരീസ്‌ കോണ്‍ഫറന്‍സിണ്റ്റെ വജ്രജൂബിലി ആഘോഷത്തിണ്റ്റെ സമാപന സമ്മേളനം ബസിലിക്ക പാരിഷ്‌ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.കേരളം അതിണ്റ്റെ എല്ലാ വിധ സൌഭാഗ്യങ്ങളാലും പൂത്തുലയുന്നുവെന്ന്‌ എല്ലാവരും പറയുമ്പോഴും ഇവിടുത്തെ പാവപ്പെട്ടവരുടെ സ്ഥിതി മോശമാണെന്ന സത്യം നാം കാണാതെ പോകുകയാണ്‌. യേശുവിനോടുള്ള കടപ്പാടില്‍ നിന്നുവേണം നമ്മള്‍ സാമൂഹ്യപ്രവര്‍ത്തനം നടത്താന്‍ അപ്പോള്‍ അതിനു ലാവണ്യമേറും ഇതു തന്നെയാണ്‌ വിന്‍സണ്റ്റ്‌ ഡി പോള്‍ സൊസൈറ്റിയുടെ പ്രത്യേകത. ക്രൈസ്തവ വിശ്വാസം എന്നുപറയുന്നത്‌ ഒരു പൊതുനന്‍മയാണ്‌. നാം ഒരാള്‍ക്ക്‌ സഹായം ചെയ്യുമ്പോള്‍ അയാള്‍ അതിനര്‍ഹനാണോയെന്ന്‌ ചോദ്യത്തിന്‌ പ്രസക്തിയില്ല. കാരണം ആരുടെയും അര്‍ഹത തീരുമാനിക്കാന്‍ നമുക്ക്‌ കഴിയില്ലെന്നും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ പറഞ്ഞു. വജ്രജൂബിലി ആഘോഷത്തിണ്റ്റെ ഭാഗമായി പുറത്തിറക്കിയ സ്മരണികയുടെ പ്രകാശനവും മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്‌ ചടങ്ങില്‍ പ്രകാശനം ചെയ്തു. സെണ്റ്റ്‌ മേരീസ്‌ ബസിലിക്ക വികാരി ഫാ. ജോസ്‌ ചിറമേല്‍ അധ്യക്ഷത വഹിച്ചു. സെണ്റ്റ്‌ മേരീസ്‌ കോണ്‍ഫറന്‍സിണ്റ്റെ നേതൃത്വത്തില്‍ നടത്തിയ വിവിധ സൌജന്യമെഡിക്കല്‍ ക്യാമ്പുകള്‍ക്ക്‌ നേതൃത്വം നല്‍കിയ ഡോ.വിനോദ്‌ മാത്യു, ഡോ.പി.സി സുനില്‍, ഡോ.സുനില്‍ അലക്സാണ്ടര്‍ എന്നിവരെയും ക്യാമ്പിനു സഹായങ്ങള്‍ ചെയ്ത ഡോ.സി.പി സുധാകരന്‍, സണ്ണിപോള്‍ ഇടശേരി എന്നിവരെയും സെണ്റ്റ്‌ മേരിസ്‌ കോണ്‍ഫറന്‍സിണ്റ്റെ മുന്‍പ്രസിഡണ്റ്റുമാരായ ജോണ്‍ പാനിക്കുളം, ജോണ്‍ കണ്ടത്തില്‍, ചെറിയാന്‍ പുതുശേരി, തോമസ്‌ ഈരത്തറ, ജോര്‍ജ്‌ ചക്യത്ത്‌ എന്നിവരെ ചടങ്ങില്‍ ഉപഹാരം നല്‍കി ആദരിച്ചു. ബേബി തെക്കന്‍,ഇഗ്നേഷ്യസ്‌ ലൂക്കോസ്‌ ആനിത്തോട്ടം,എ.വി ജോണ്‍ ആനംതുരുത്തി, പ്രഫ.പി.ജെ സിറിയക്‌ പുതരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഇ.എം തോമസ്‌ ഈരത്തറ സ്വാഗതവും പോള്‍ ഡി.പാനിക്കുളം നന്ദിയും പറഞ്ഞു.