ലക്ഷക്കണക്കിനു പേര്‍ മത്സരബുദ്ധിയോടെ ദൈവവചനം പഠിക്കുന്നു എന്നതാണ് ലോഗോസ് ക്വിസിണ്റ്റെ പ്രത്യേകതയെന്ന് കെസിബിസി ബൈബിള്‍ കമ്മീഷണ്റ്റെയും ബൈബിള്‍ സൊസൈറ്റിയുടെയും ചെയര്‍മാന്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍. കെസിബിസി ബൈബിള്‍ കമ്മീഷനും ബൈബിള്‍ സൊസൈറ്റിയും നടത്തിയ ലോഗോസ് ക്വിസ് സമ്മാനദാന സമ്മേളനത്തിണ്റ്റെ ഉദ്ഘാടനം പിഒസിയില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബൈബിള്‍ പഠിക്കാനുള്ള ആവേശം അത് ജീവിതത്തില്‍ പകര്‍ത്താനും പ്രകടിപ്പിക്കണം. മനുഷ്യജീവിതത്തിണ്റ്റെ വെളിച്ചവും വഴികാട്ടിയുമാണ് വചനമെന്ന് ഓര്‍മിക്കണം. ഇതൊരു സാഹിത്യസൃഷ്ടിയല്ല. പരിശുദ്ധാത്മാവിണ്റ്റെ ശക്തിയാണ് വചനത്തില്‍ നിറഞ്ഞുനില്‍ക്കുന്നത്. ആ ശക്തി ജീവിതത്തില്‍ എല്ലാ പ്രതിബന്ധങ്ങളേയും തരണം ചെയ്യാന്‍ നമ്മെ സഹായിക്കും-അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഞ്ചു ലക്ഷത്തോളം പേരാണ് ഇത്തവണത്തെ ക്വിസില്‍ പങ്കെടുത്തത്. കേരളസഭയ്ക്കു തന്നെ അഭിമാനകരമായി ലോഗോസ് ക്വിസ് മാറിയിരിക്കുന്നുവെന്ന് ബിഷപ് ചൂണ്ടിക്കാട്ടി. ലോകത്ത് മറ്റൊരു സ്ഥലത്തും ഇത്ര വിപുലമായി ബൈബിള്‍ ക്വിസ് നടത്തുന്നില്ല- അദ്ദേഹം വ്യക്തമാക്കി. പിഒസി ഡയറക്ടര്‍ റവ.ഡോ. സ്റ്റീഫന്‍ ആലത്തറ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോഷി മയ്യാറ്റില്‍, റവ. ഡോ. ജിമ്മി പൂച്ചക്കാട്ട്, ഡോ. തോമസ് പാലക്കല്‍, വില്‍സണ്‍കൂള മാസ്റ്റര്‍, കെസിബിസി ബൈബിള്‍ കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ പി.വി സെബാസ്റ്റ്യന്‍, ഫാ. ജെയ്സണ്‍ കൊള്ളന്നൂറ്‍, റവ. ഡോ. സൈറസ് വേലംപറമ്പില്‍, റവ. ഡോ. മരിയന്‍ അറയ്ക്കല്‍, സിസ്റ്റര്‍ ടീന, ആണ്റ്റണി പാലിമറ്റം, ജോസഫ് കാരക്കട, അഡ്വ. തോംസ്റ്റിന്‍ കെ.അഗസ്റ്റിന്‍, ജോസഫ് തുടങ്ങിയവര്‍ സംബന്ധിച്ചു. 31 രൂപതകളില്‍ നിന്നായി 4,81,170 പേരാണ് മത്സരങ്ങളില്‍ പങ്കെടുത്തത്. പിഒസിയില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ 465 പേര്‍ പങ്കെടുത്തു. ഓരോ വിഭാഗത്തില്‍ നിന്ന് മൂന്നു പേര്‍ വീതം വിജയികളായി. ലോഗോസ് പ്രതിഭയ്ക്കു പാലയ്ക്കല്‍ കുടുംബയോഗം ഏര്‍പ്പെടുത്തിയിട്ടുള്ള തോമ്മാ മല്‍പാന്‍ മെമ്മോറിയല്‍ അവാര്‍ഡും ലോഗോസ് പ്രതിഭയുടെ രൂപതയ്ക്കു തോമ്മാ മല്‍പാന്‍ എവര്‍റോളിംഗ് ട്രോഫിയും സമ്മാനിച്ചു. ബൈബിള്‍ സൊസൈറ്റിയുടെ 2011 വര്‍ഷത്തെ കലണ്ടര്‍ ബിഷപ് മാര്‍ ജോര്‍ജ് പുന്നക്കോട്ടില്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ഏബ്രഹാം കെ. ജോര്‍ജിന് നല്‍കി പ്രകാശനം ചെയ്തു. അഖില കേരള സാഹിത്യ മത്സരത്തിലെ വിജയികള്‍ക്കും ചട ങ്ങില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.