Thursday, November 25, 2010

പ്രകൃതിവസ്തുക്കളെ കരുതലോടെ ഉപയോഗിക്കണം: കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍

പ്രകൃതിയെയും പ്രകൃതിവസ്തുക്കളെയും കരുതലോടെ ഉപയോഗിക്കണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു. പരിസ്ഥിതിയും ദൈവശാസ്ത്രവും എന്ന വിഷയത്തില്‍ സീറോ മലബാര്‍ സഭ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെണ്റ്റര്‍ കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ സംഘടിപ്പിച്ച ത്രിദിന ഗവേഷക സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭാവി തലമുറയെ ഓര്‍ത്തുകൊണ്ടാവണം പ്രകൃതിവസ്തുക്കളെ ഉപയോഗിക്കേണ്ടത്‌. ദൈവം സൃഷ്ടിച്ചതു മനോഹരമായ പ്രകൃതിയെയാണ്‌. പ്രകൃതി സംരക്ഷണ വിഷയത്തില്‍ സഭ എക്കാലത്തും വ്യക്തമായ നിലപാടുകളാണ്‌ എടുത്തുവന്നിട്ടുള്ളത്‌. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയും ഈ വിഷയത്തില്‍ ശ്രദ്ധേയമായ പഠനങ്ങളും പരിശ്രമങ്ങളും നടത്തിയിട്ടുണ്ട്‌. ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച്‌ സെണ്റ്റര്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ അധ്യക്ഷത വഹിച്ചു. എല്‍ആര്‍സി എപ്പിസ്കോപ്പല്‍ മെംബര്‍ ബിഷപ്‌ മാര്‍ ജോസഫ്്‌ കല്ലറങ്ങാട്ട്‌, ഇരിങ്ങാലക്കുട ബിഷപ്‌ മാര്‍ പോളി കണ്ണൂക്കാടന്‍, എല്‍ആര്‍സി എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ നടുത്താടം, റവ. ഡോ. പോളി മണിയാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു. റവ. ഡോ. ഫ്രാന്‍സിസ്‌ വിനീത്‌ മുഖ്യ പ്രഭാഷണം നടത്തി.