Monday, December 13, 2010

സനാതനമൂല്യങ്ങള്‍ പകര്‍ന്നു നല്‍കുമ്പോഴാണ്‌ അധ്യാപകണ്റ്റെ ഉത്തരവാദിത്വം മഹത്തരമാകുന്നത്‌: ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍

സനാതനമൂല്യങ്ങള്‍ നഷ്ടപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ഇവ കുട്ടികള്‍ക്ക്‌ പകര്‍ന്നു നല്‍കുമ്പോഴാണ്‌ അധ്യാപകണ്റ്റെ ഉത്തരവാദിത്വം മഹത്തരമാകുന്നതെന്ന്‌ വരാപ്പുഴ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കല്‍ അഭിപ്രായപ്പെട്ടു. വരാപ്പുഴ അതിരൂപത കേരള കാത്തലിക്‌ ഗില്‍ഡ്‌ അധ്യാപകര്‍ക്കായി എറണാകുളം സെണ്റ്റ്‌ ആല്‍ബര്‍ട്സ്‌ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അധ്യാപകരുടെ ദൌത്യം ഇന്നത്തെ സമൂഹത്തില്‍ മഹനീയമാണെന്നും ആര്‍ച്ച്ബിഷപ്‌ പറഞ്ഞു. വരാപ്പുഴ അതിരൂപത കോര്‍പറേറ്റ്‌ എഡ്യുക്കേഷണല്‍ ഏജന്‍സിയില്‍ മികവ്‌ പുലര്‍ത്തിയ ചാത്യാത്ത്‌ സെണ്റ്റ്‌ ജോസഫ്‌ ഹൈസ്കൂളിനെയും സെണ്റ്റ്‌ ആല്‍ബര്‍ട്സ്‌ ടിടിഐ സ്കൂളിനെയും ആര്‍ച്ച്ബിഷപ്‌ ചടങ്ങില്‍ പുരസ്കാരം നല്‍കി ആദരിച്ചു. തിരുവനന്തപുരം ഗവ. ഹോസ്പിറ്റല്‍ മാനസികോരോഗ്യ വിദഗ്ധന്‍ ഡോ. കെ. ഗിരീഷ്‌ അധ്യാപകരുടെ വിദ്യാര്‍ഥികളോടുള്ള മനശാസ്ത്രപരമായ സമീപനത്തെ ആസ്പദമാക്കി ക്ളാസ്‌ നയിച്ചു. വരാപ്പുഴ അതിരൂപത കോര്‍പറേറ്റ്‌ എഡ്യൂക്കേഷന്‍ ഏജന്‍സി ജനറല്‍ മാനേജര്‍ ഫാ.ജേക്കബ്‌ ബൈജു ബെന്‍, കെ.എ ജോണ്‍, പി.ജെ മേരി, എം.എല്‍ സേവ്യര്‍, പോള്‍ ഫ്രാന്‍സിസ്‌, പി.എല്‍ മേരി, മോനിക്ക സെബീന,എ.കെ ലീന എന്നിവര്‍ പ്രസംഗിച്ചു.