Monday, December 13, 2010

സ്വകാര്യ എയ്ഡഡ്‌ കോളജുകളെ സംരക്ഷിക്കാന്‍ സര്‍ക്കാരിനു കടമയുണ്ട്‌: മാര്‍ ജോസഫ്‌ പവ്വത്തില്‍

സ്വാശ്രയ എയ്ഡഡ്‌ കോളജുകളുടെ സ്വഭാവവും അവയുടെ പ്രഖ്യ്രാപിത ലക്ഷ്യങ്ങളും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കടപ്പെട്ടവരാണെന്ന്‌ ഇണ്റ്റര്‍ചര്‍ച്ച്‌ കൌണ്‍സില്‍ ഫോര്‍ എഡ്യൂക്കേഷന്‍ ചെയര്‍മാന്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പവ്വത്തില്‍. അധ്യാപകനിയമനത്തില്‍ കൈകടത്തി സ്വകാര്യ എയ്ഡഡ്‌ കോളജുകളുടെ പ്രഖ്യാപിതലക്ഷ്യങ്ങളെ നശിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗ്യതയുള്ളവരില്‍ നിന്ന്‌ ഏറ്റവും അനുയോജ്യരായവരെ കണെ്ടത്തി അധ്യാപകരായി നിയമിക്കുന്നതുകൊണ്ടാണ്‌ സ്വകാര്യ എയ്ഡഡ്‌ കേളജുകള്‍ മറ്റു കേളജുകളെക്കാള്‍ മികവു പുലര്‍ത്തുന്നത്‌. സമര്‍പ്പിതരായ അധ്യാപകരാണ്‌ ഈ കോളജുകളുടെ മികവിണ്റ്റെ അടിസ്ഥാനം. അതു തകരാനിടയാകുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്ന നീക്കം അംഗീകരിക്കാനാവില്ല. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത്‌ ജനാധിപത്യസംരക്ഷണം തന്നെയാണ്‌. അത്‌ വിവേചനമല്ല. എന്നാല്‍ വിദ്യാഭ്യാസരംഗത്ത്‌ മികവും വളര്‍ച്ചയും ഉറപ്പുവരുത്താന്‍ അധ്യാപക നിയമനത്തില്‍ പ്രൈവറ്റ്‌ എയ്ഡഡ്‌ കോളജുകള്‍ക്ക്‌ ആവശ്യമായ സ്വാതന്ത്യ്രം സംരക്ഷിക്കുകയാണ്‌ വേണ്ടത്‌. അതാണ്‌ വിദ്യാഭ്യാസ സ്വാതന്ത്രത്തിന്‌ ആവശ്യമെന്നും മാര്‍ പവ്വത്തില്‍ കൂട്ടിച്ചേര്‍ത്തു. വിദ്യാഭ്യാസരംഗത്ത്‌ ആവശ്യമായ സ്വാതന്ത്യ്രം സ്ഥാപനങ്ങള്‍ക്കും നടത്തുന്നവര്‍ക്കും ഉണ്ടായിരിക്കണമെന്നാണ്‌ പ്രശസ്ത വിദ്യാഭ്യാസവിചക്ഷണനും രാഷ്ട്രപതിയുമായിരുന്ന ഡോ. രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടിരുന്നത്‌. ബോംബെ സെണ്റ്റ്‌ സേവ്യേഴ്സ്‌ കോളജ്‌ കേസില്‍ സുപ്രീം കോടതിയും ഇക്കാര്യം ഉയര്‍ത്തിപ്പിടിച്ചിരുന്നു. സ്വകാര്യ വിദ്യാലയങ്ങള്‍ക്കു സഹായം നല്‍കുന്നത്‌ അവരുടെമേല്‍ നിയന്ത്രണം അടിച്ചേല്‍പിക്കാനായിരിക്കരുത്‌ എന്നാണ്‌ കോടതി ചൂണ്ടിക്കാട്ടിയത്‌. എന്നാല്‍, എല്ലാം തങ്ങളുടെ കൈപ്പിടിയിലായാലേ ശരിയാകൂ എന്നു ഭരിക്കുന്നവര്‍ ധരിക്കുന്നതും അതിനായി നയങ്ങള്‍ക്ക്‌ രൂപം നല്‍കുന്നതും ഖേദകരമാണെന്നും മാര്‍ പവ്വത്തില്‍ പ്രസ്താവനയില്‍ പറഞ്ഞു.