മാനവസേവ മാധവസേവയായി മാറണമെന്ന് മാര്‍ ബസേലിയസ് ക്ളീമിസ് കാതോലിക്ക ബാവ. കേരള കലാകേന്ദ്രത്തിണ്റ്റെ ഗ്ളോബല്‍ എക്സലന്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയ ശേഷം മറുപടിപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മനുഷ്യനെ മാനിക്കുമ്പോള്‍ ഈശ്വരനെയാണ് മാനിക്കുന്നത്. പുരാണങ്ങളും അങ്ങിനെയാണ് പഠിപ്പിക്കുന്നത്. മനുഷ്യനാണ് അടിസ്ഥാന പ്രമേയം എന്നു പറഞ്ഞുതുടങ്ങിയത് ഈശ്വരന്‍ തന്നെയാണ്. ദൈവം ദൈവമായി എന്നല്ല ദൈവം മനുഷ്യനായി എന്നാണു പറയുന്നത്. ദൈവത്തിണ്റ്റെ മുഖ്യവിഷയം മനുഷ്യരാണ്. അതിനാലാണ് മനുഷ്യനാണ് സൃഷ്ടിയുടെ മകുടം എന്ന് പറയുന്നത്. ദൈവം രൂപമെടുക്കണമെന്നു തീരുമാനിച്ചപ്പോള്‍ മനുഷ്യരൂപമെടുക്കാനാണു തീരുമാനിച്ചത്. ഹൈന്ദവ ദര്‍ശനവും വ്യത്യസ്തമല്ല. ഏതാനും കെട്ടിടങ്ങളെയോ സംവിധാനങ്ങളെയോ ചുറ്റിപ്പറ്റിയുള്ളതല്ല വികസനം. വികസനം മനുഷ്യനെ ചുറ്റിപ്പറ്റിയുള്ളതാണ്. സാമ്പത്തിക വികസനം എന്നതുകൊണ്ട് ജീവിതത്തിണ്റ്റെ മുഴുവന്‍ തലങ്ങളും പൂര്‍ത്തിയാക്കപ്പെടുന്നില്ല. മൂല്യങ്ങളുടെ വളര്‍ച്ചയും സാഹോദര്യ സ്നേഹത്തിണ്റ്റെ വളര്‍ച്ചയും ആവശ്യമുണ്ട്. പരിത്യജിക്കപ്പെടുന്നവരെ കേള്‍ക്കേണ്ടതു വളര്‍ച്ചയുടെ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.