Saturday, January 22, 2011

മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലി: കൊച്ചിയിലെ ദിവ്യബലിക്ക്‌ എല്ലാ കത്തോലിക്കാ മെത്രാന്‍മാരും

ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ ഭാരതസന്ദര്‍ശനത്തിണ്റ്റെ രജതജൂബിലി ആചരണത്തോടനുബന്ധിച്ച്‌ ഫെബ്രുവരി ഏഴിന്‌ എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലിയില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ മെത്രാന്‍മാരും പങ്കെടുക്കും. ബനഡിക്ട്‌ പതിനാറാമന്‍ മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായെത്തുന്ന കര്‍ദിനാള്‍ കോര്‍മാക്‌ മര്‍ഫി ഒകോണര്‍ ദിവ്യബലിയില്‍ മുഖ്യകാര്‍മികത്വം വഹിക്കും. വൈകുന്നേരം നാലിനാണു ദിവ്യബലി. വിശുദ്ധ കുര്‍ബാനയില്‍ പങ്കു ചേരാനെത്തുന്നവരെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സ്വാഗതം ചെയ്യും. സിബിസിഐ പ്രസിഡണ്റ്റ്‌ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ആമുഖപ്രഭാഷണവും ഇന്ത്യയിലെ വത്തിക്കാന്‍ പ്രതിനിധി ആര്‍ച്ച്ബിഷപ്‌ സാല്‍വത്തോരെ പെനാക്കിയോ അനുഗ്രഹ പ്രഭാഷണവും നടത്തും. കെസിബിസി പ്രസിഡണ്റ്റ്‌ ആര്‍ച്ച്ബിഷപ്‌ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ കൃതജ്ഞത അര്‍പ്പിക്കും. ഏഴിന്‌ വരാപ്പുഴ ആര്‍ച്ച്ബിഷപ്സ്‌ ഹൌസില്‍ ആര്‍ച്ച്ബിഷപ്‌ ഡോ. ഫ്രാന്‍സിസ്‌ കല്ലറക്കലിണ്റ്റെ ആതിഥേയത്വത്തില്‍ പേപ്പല്‍ പ്രതിനിധിസംഘത്തോടൊപ്പം എല്ലാ മെത്രാന്‍മാരുടെയും ക്ഷണിക്കപ്പെട്ടവരുടെയും സമ്മേളനം. ജൂബിലി ആചരണത്തോടനുബന്ധിച്ചു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയും കേരളത്തിലെ സഭാസമൂഹങ്ങളും എന്ന വിഷയത്തില്‍ നടക്കുന്ന സിമ്പോസിയത്തില്‍ കേരളത്തിലെ എല്ലാ കത്തോലിക്കാ രൂപതകളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുക്കും. എറണാകുളം സെണ്റ്റ്‌ മേരീസ്‌ ബസിലിക്കാ ഹാളില്‍ ഉച്ചയ്ക്കു രണ്ടിനു നടക്കുന്ന സിമ്പോസിയം സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ ബസേലിയോസ്‌ ക്ളീമിസ്‌ കാതോലിക്കാബാവ ഉദ്ഘാടനം ചെയ്യും. എഡിജിപി ഡോ. അലക്സാണ്ടര്‍ ജേക്കബ്‌ ക്ളാസ്‌ നയിക്കും. ബ്രിട്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ച്ബിഷപ്പായിരുന്ന കര്‍ദിനാള്‍ മര്‍ഫി ഒകോണര്‍ കൊച്ചിക്കു പുറമേ ഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, റാഞ്ചി എന്നിവിടങ്ങളില്‍ നടക്കുന്ന ജൂബിലി ആചരണപരിപാടികളിലും പങ്കെടുക്കും.