Tuesday, January 11, 2011

വ്യത്യാസങ്ങളെ സമ്പന്നമാക്കുന്ന ഐക്യം കാത്തുസൂക്ഷിക്കുക: ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വത്തോരെ പിനോക്കിയോ

സഭകള്‍ തമ്മില്‍ നിലവിലുള്ള വ്യത്യാസങ്ങളെ ബലഹീനതകളായി കാണാതെ അവയെ ശക്തിസമ്പന്നമാക്കുന്ന ഐക്യം കാത്തുസൂക്ഷിക്കാന്‍ ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ്‌ ഡോ. സാല്‍വത്തോരെ പിനോക്കിയോ ആഹ്വാനം ചെയ്തു. കാക്കനാട്‌ മൌണ്ട്‌ സെണ്റ്റ്‌ തോമസില്‍ സീറോ മലബാര്‍ സഭാ മെത്രാന്‍മാരുടെ സിനഡിണ്റ്റെ ആദ്യദിവസം സംസാരിക്കുകയായിരുന്നു അദ്ദേഹം. വത്തിക്കാന്‍ സ്ഥാനപതിയായതിനുശേഷം ആദ്യമായാണ്‌ അദ്ദേഹം സിനഡിനെ അഭിസംബോധന ചെയ്യുന്നത്‌. റീത്തു വ്യത്യാസങ്ങളുള്ളപ്പോഴും ഇന്ത്യയിലെ മൂന്നു സഭകളും ഒരേ സാര്‍വത്രിക കത്തോലിക്കാസഭയുടെ ഭാഗമാണ്‌. വിവിധ വര്‍ണങ്ങളുടെയും സുഗന്ധങ്ങളുടെയും പുഷ്പങ്ങള്‍ ചേര്‍ന്ന പുഷ്പമഞ്ജരിപോലെ നമ്മെ ഐക്യപ്പെടുത്തുന്നവയില്‍ നാം ബലപ്പെടുകയും ഭിന്നിപ്പിക്കുന്നവയില്‍ നിന്ന്‌ അകന്നിരിക്കുകയും വേണം. തോമാശ്ളീഹായുടെ വിശ്വാസപൈതൃകത്തിണ്റ്റെ മഹത്വം പേറുന്നവരെങ്കിലും ഇന്ത്യയിലും സാംസ്കാരികമായ ലൌകികവത്കരണത്തിണ്റ്റെ ഫലമായി വിശ്വാസത്തനിമ നഷ്ടപ്പെടുന്ന പ്രതിസന്ധിയുണ്ട്‌. വിശ്വാസത്തിണ്റ്റെ പുനഃസുവിശേഷീകരണത്തിനു വേണ്ടത്ര ഔത്സുക്യം പുലര്‍ത്തണം - ആര്‍ച്ച്ബിഷപ്‌ ഓര്‍മിപ്പിച്ചു. ഭാരതം മതവൈവിധ്യങ്ങളുടെ നാടാണെന്നത്‌ മതാന്തരസംഭാഷണം അനിവാര്യമാക്കുന്നുണ്ട്‌. അടുത്തകാലത്ത്‌ ഈജിപ്റ്റിലും ഇറാക്കിലും ക്രൈസ്തവസഭകള്‍ക്കെതിരേ ആക്രമണങ്ങളുണ്ടായതു മതാന്തരസംഭാഷണത്തില്‍ നമ്മെ ഭഗ്നാശരാക്കരുത്‌. മറ്റു മതങ്ങളുടെ സാന്നിധ്യം ദൈവം സകല ജനതകളോടും സംസാരിക്കുന്നു എന്നതിണ്റ്റെ തെളിവാണ്‌. മതവിവേചനം, വര്‍ഗീയത, മൌലികവാദം, അസഹിഷ്ണുത എന്നിവ മൂലം മറ്റുള്ളവരുടെ അവകാശങ്ങളും അന്തസും ആദരിക്കപ്പെടാതെ പോകുന്നു. ദുഃഖകരമായ ഓര്‍മകളുടെ ചികിത്സയും വ്യക്തിപരമായ വിമലീകരണവും പരസ്പരസംഭാഷണത്തിന്‌ ആവശ്യമാണ്‌. ഇന്നലെകളുടെ തെറ്റുകള്‍ ഏറ്റുപറയുന്നതും ദൌര്‍ഭാഗ്യകരമായ ഓര്‍മകളെ മായ്ച്ചുകളയുന്നതും പുതിയ കൂട്ടായ്മകള്‍ സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിന്‌ ആവശ്യമാണെന്നും ആര്‍ച്ച്ബിഷപ്‌ പിനോക്കിയോ പറഞ്ഞു. മേജര്‍ ആര്‍ച്ച്ബിഷപ്‌ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിണ്റ്റെ അധ്യക്ഷതയില്‍ നടക്കുന്ന സിനഡില്‍ സീറോ മലബാര്‍ സഭയിലെ 44 മെത്രാന്‍മാര്‍ പങ്കെടുക്കുന്നുണ്ട്‌. സഭ ആരംഭിക്കുന്ന സാമൂഹ്യക്ഷേമപദ്ധതിയുടെ ഉദ്ഘാടനം സിനഡില്‍ നടക്കും. ബിഷപ്‌ മാര്‍ പോള്‍ ചിറ്റിലപ്പിള്ളി രചിച്ച സീ റോ മലബാര്‍ പാത്രിയാര്‍ക്കേറ്റ്‌ എന്ന പുസ്തകം സിനഡില്‍ പ്രകാശനം ചെയ്തു. സീറോ മല ബാര്‍ സഭയെ ഒരു പാത്രിയാര്‍ക്കല്‍ സഭയാക്കി മാറ്റണമെന്ന ആവശ്യമാണ്‌ പുസ്തകത്തിണ്റ്റെ ഉള്ളടക്കം. സഭയിലെ ആനുകാലികപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന സിനഡ്‌ 14-ന്‌ സമാപിക്കും.