Monday, January 10, 2011

വിശ്വാസത്തിണ്റ്റെ പേരില്‍ ദളിത്‌ സമൂഹത്തിന്‌ നീതി നിഷേധിക്കരുത്‌: മാര്‍ മാത്യു അറയ്ക്കല്‍

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു എന്നതിണ്റ്റെ പേരില്‍ ദളിത്‌ സമൂഹത്തിനു സംവരണവും സാമൂഹ്യ നീതിയും നിഷേധിക്കരുതെന്നു സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ മാത്യു അറയ്ക്കല്‍. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷണ്റ്റെ ആഭിമുഖ്യത്തില്‍ കേരളത്തിലെ എല്ലാ സീറോ മലബാര്‍ രൂപതകളിലെയും ദളിത്‌ നേതാക്കളുടെ സമ്മേളനം ഉദ്ഘാടനംചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ദളിത്‌ സമൂഹത്തിണ്റ്റെ വളര്‍ച്ചയ്ക്കായി രാജ്യം നല്‍കുന്ന എല്ലാവിധ പ്രോത്സാഹനവും സഹായവും ദളിത്‌ ക്രൈസ്തവര്‍ക്കും അര്‍ഹതപ്പെട്ടതാണ്‌. ക്രൈസ്തവസഭ ദളിത്‌ വിശ്വാസികള്‍ക്കായി ഒട്ടനവധി ക്ഷേമപദ്ധതികള്‍ ഉദ്യോഗ, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലൂടെ നടപ്പിലാക്കുന്നുണ്ട്‌. വളരെയേറെയാളുകള്‍ ഇതിണ്റ്റെ ഗുണഭോക്താക്കളുമാണ്‌. ദളിത്‌ ക്രൈസ്തവരുടെ കൂട്ടായ്മകള്‍ ശക്തിപ്പെടുത്തേണ്ടത്‌ അനിവാര്യമാണ്‌. ഇന്നത്തെ ലോകത്ത്‌ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ മാത്രമേ നേട്ടങ്ങള്‍ കൈവരിക്കാനാകൂ എന്നും മാര്‍ മാത്യു അറയ്ക്കല്‍ കൂട്ടിച്ചേര്‍ത്തു. സമ്മേളനത്തില്‍ ഡിസിഎംഎസ്‌ സംസ്ഥാന പ്രസിഡണ്റ്റ്‌ ടി. ജെ. ഏബ്രഹാം അധ്യക്ഷതവഹിച്ചു. സീറോ മലബാര്‍ സഭ അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി. സെബാസ്റ്റ്യന്‍ മുഖ്യപ്രബന്ധം അവതരിപ്പിച്ചു. ദളിത്‌ ഫോറം സെക്രട്ടറി സ്കറിയ ആണ്റ്റണി മറ്റത്തില്‍, സാലിക്കുട്ടി ജോണി, സെവിന്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ വിഷയാവതരണം നടത്തി. കാഞ്ഞിരപ്പള്ളി രൂപത ഡിസിഎംഎസ്‌ ഡയറക്ടര്‍ ഫാ. ജോസുകുട്ടി ഇടത്തിനകം മോഡറേറ്ററായിരുന്നു. റവ. ഡോ.മാത്യു കിഴക്കേ അരഞ്ഞാലില്‍ സമാപന സന്ദേശം നല്‍കി. ദളിത്‌ ക്രൈസ്തവരുടെ എല്ലാവിധ അവകാശങ്ങളും നടപ്പിലാക്കണമെന്ന രംഗനാഥ്‌ മിശ്ര കമ്മീഷന്‍ റിപ്പോര്‍ട്ട്‌ എത്രയും വേഗം നടപ്പിലാക്കണമെന്നു സമ്മേളനം കേന്ദ്ര സര്‍ക്കാരിനോടു പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.