വൈദികര്‍ തങ്ങളുടെ വ്യക്തിത്വം ക്രിസ്തുദൌത്യവുമായി അനുരൂപപ്പെടുത്തണമെന്നു സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ ആഹ്വാനം ചെയ്തു. കാക്കനാട് മൌണ്ട് സെണ്റ്റ് തോമസില്‍ സീറോ മലബാര്‍ സഭയിലെ നവവൈദികരുടെ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിണ്റ്റെ സ്നേഹവും ത്യാഗവും വൈദികര്‍ തങ്ങളുടെ ജീവിതത്തില്‍ അനുകരിക്കണം. എന്നില്‍ ക്രിസ്തുവുണ്ടെന്ന ബോധ്യം ജീവിതാവസാനം വരെ വൈദികര്‍ക്കുണ്ടാവണം. എളിമയും വിനയവും മുറുകെപ്പിടിക്കുന്ന ജീവിതമാവണം നമ്മുടേത് - കര്‍ദിനാള്‍ പറഞ്ഞു. ക്രിസ്തുവിണ്റ്റെ പൌരോഹിത്യത്തില്‍ പങ്കുചേരുന്ന വൈദികര്‍ തങ്ങള്‍ക്കു ലഭിച്ച ദൈവവിളിക്കു ദൈവത്തോടു നന്ദിയുള്ളവരാവണം. ലൌകികസുഖങ്ങള്‍ ഉപേക്ഷിച്ച് പൌരോഹിത്യ ജീവിതത്തിലേക്കിറങ്ങിയ നാം ക്രിസ്തുവിലുള്ള പരിപൂര്‍ണ വിശ്വാസവും സമര്‍പ്പണവുമാണ് ഏറ്റുപറയുന്നത്. ദൈവരാജ്യം പ്രസംഗിക്കുന്നതില്‍ വൈദികര്‍ കൂടുതല്‍ തീക്ഷ്ണത പുലര്‍ത്തണമെന്നും കര്‍ദിനാള്‍ ഓര്‍മിപ്പിച്ചു. വൈദികര്‍ക്കും സന്യാസികള്‍ക്കും വേണ്ടിയുളള സീറോ മലബാര്‍ സിനഡല്‍ കമ്മീഷണ്റ്റെ ചെയര്‍മാന്‍ ബിഷപ് മാര്‍ തോമസ് ചക്യത്ത് അധ്യക്ഷത വഹിച്ചു. കമ്മീഷന്‍ സെക്രട്ടറി ഫാ. ജിമ്മി പൂച്ചക്കാട്ട്, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഫാ. അനീഷ് ഈറ്റക്കക്കുന്നേല്‍ എന്നിവര്‍ പ്രസംഗിച്ചു. ഹോളി ഫാമിലി സഭയിലെ സന്യാസിനികള്‍ നവവൈദികര്‍ക്കു ഗാനരൂപത്തില്‍ ആശംസകളര്‍പ്പിച്ചു. തുടര്‍ന്ന് മാര്‍ തോമസ് ചക്യത്തിണ്റ്റെ മുഖ്യകാര്‍മികത്വത്തില്‍ സമൂഹബലി അര്‍പ്പിച്ചു. ഉച്ചയ്ക്കു ശേഷം പൊതു അവലോകനയോഗം കൂരിയാ ബിഷപ് മാര്‍ ബോസ്കോ പുത്തൂറ്‍ ഉദ്ഘാടനം ചെയ്തു. കൂരിയ ചാന്‍സലര്‍ ഫാ. ആണ്റ്റണി കൊളളന്നൂറ്‍, പ്രൊക്യുറേറ്റര്‍ ഫാ. മാത്യു പുളിമൂട്ടില്‍, ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെണ്റ്റര്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ നെടുംതടം തുടങ്ങിയവര്‍ പ്രസംഗിച്ചു. സീറോ മലബാര്‍ സഭയിലെ വിവിധ രൂപതകളിലും സന്യാസ സഭകളിലുമായി ശുശ്രൂഷാമേഖലകളിലേക്കു പ്രവേശിക്കുന്ന നവവൈദികര്‍ പരിപാടിയില്‍ പങ്കെടുത്തു. വൈദികര്‍ക്കും സന്യാസികള്‍ക്കും വേണ്ടിയുളള സീറോ മലബാര്‍ സിനഡല്‍ കമ്മീഷനാണു നവവൈദികസംഗമം സംഘടിപ്പിച്ചത്.