Monday, February 21, 2011

സൌഹാര്‍ദവും സ്നേഹവും ക്രൈസ്തവ സാക്ഷ്യത്തിണ്റ്റെ മുഖമുദ്ര: മാര്‍ ജോസഫ്‌ പെരുന്തോട്ടം

എല്ലാവരോടും സ്നേഹത്തില്‍ യോജിച്ചു മുന്നോട്ടു പോകുകയും ശുശ്രൂഷ ചെയ്യുകയുമെന്നതാണ്‌ ക്രൈസ്തവ വിശ്വാസത്തിണ്റ്റെ സാക്ഷ്യമെന്നു ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച്‌ ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം. സീറോ മലബാര്‍ സഭ, കാഞ്ഞിരപ്പള്ളി രൂപതയുടെ പത്തനംതിട്ട, റാന്നി മിഷന്‍ ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും സ്നേഹത്തിണ്റ്റെ ശുശ്രൂഷ ചെയ്യാനാകണം. ദൈവം സഭയെ ഏല്‍പിച്ച ദൌത്യമാണിത്‌. എല്ലാ ജനത്തിനും നന്‍മ ഉണ്ടാകണമെന്നതായിരിക്കണം പ്രവര്‍ത്തനലക്ഷ്യം. സേവനം, സ്നേഹം, സാഹോദര്യം എന്നിവയുടെ അന്തരീക്ഷം എല്ലായ്പോഴും സംജാതമാകണമെന്നും സഭ ആഗ്രഹിക്കുന്നു. മിഷന്‍ രൂപീകരണം അധികാരത്തിണ്റ്റെ വ്യാപനമല്ലെന്ന്‌ ആര്‍ച്ച്‌ ബിഷപ്‌ ചൂണ്ടിക്കാട്ടി. ദൈവജനത്തെ കൂടുതല്‍ സ്നേഹത്തോടെ കരുതാനും സേവിക്കാനുമാണിത്‌. ഐക്യം കൂടുതല്‍ ശക്തമാകേണ്ട കാലഘട്ടത്തിലാണ്‌ നാം ജീവിക്കുന്നത്‌. നല്ല ബന്ധത്തിലൂന്നിയ ക്രൈസ്തവസാക്ഷ്യമാണ്‌ ആവശ്യം. മതസൌഹാര്‍ദം പുലരേണ്ട മണ്ണാണിത്‌. എക്യുമെനിക്കല്‍ പ്രസ്ഥാനത്തിനും സഭാ ഐക്യസംരംഭങ്ങള്‍ക്കും വേരോട്ടമുള്ള പത്തനംതിട്ടയില്‍ ഹൃദയത്തിണ്റ്റെ ഐക്യത്തോടെ മുന്നോട്ടുപോകാന്‍ പുതിയ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കു കഴിയണമെന്നും മാര്‍ ജോസഫ്‌ പെരുന്തോട്ടം പറഞ്ഞു. വിശ്വാസത്തിണ്റ്റെ ഒരു ദീപമാണ്‌ പുതിയ മിഷനിലൂടെ തെളിഞ്ഞിരിക്കുന്നതെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കല്‍ പറഞ്ഞു. മാര്‍ത്തോമ്മാ സഭ റാന്നി - നിലയ്ക്കല്‍ ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ്‌ മാര്‍ അത്താനാസിയോസ്‌ എപ്പിസ്കോപ്പ അനുഗ്രഹപ്രഭാഷണം നടത്തി. എംഎല്‍എമാരായ കെ.ശിവദാസന്‍ നായര്‍, രാജു ഏബ്രഹാം, പത്തനംതിട്ട നഗരസഭ ചെയര്‍മാന്‍ എ.സുരേഷ്‌ കുമാര്‍, പ്രൊവിന്‍ഷ്യല്‍ സുപ്പിരീയര്‍ സിസ്റ്റര്‍ ബെന്‍സിറ്റ സിഎംസി, പാസ്റ്ററല്‍ കൌണ്‍ സില്‍ മെംബര്‍ കൊച്ചുത്രേസ്യ പുല്‍പ്പേല്‍ എന്നിവര്‍ പ്രസംഗിച്ചു. സഭയുടെ പ്രവര്‍ത്തനങ്ങള്‍ക്കു തെക്കന്‍മേഖലയില്‍ ആദ്യകാലഘട്ടങ്ങളില്‍ നടുനായകത്വം വഹിച്ച ഫാ.അലക്സാണ്ടര്‍ വയലുങ്കലിനെയും ദേശീയ സ്കൂള്‍ കായികമേളയില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ നീ എലിസബേത്ത്‌ ബേബിയെയും യോഗത്തില്‍ ആദരിച്ചു. വികാരി ജനറാള്‍ റവ.ഡോ. ജോസ്‌ പുളിക്കല്‍ മറുപടി പ്രസംഗം നടത്തി. വികാരി ജനറാള്‍ ഫാ.മാത്യു പായിക്കാട്ട്‌ സ്വാഗതവും പത്തനംതിട്ട ഫൊറോന വികാരിയായിരുന്ന ഫാ.അജി അത്തിമൂട്ടില്‍ നന്ദിയും പറഞ്ഞു.